Monday, February 14, 2011

ഹരിയാനയിലെ കഴുകന്‍.

മെലിഞ്ഞ പണക്കാരന്‍ പയ്യന്‍
വണ്ടിയിലിരുന്നു
ജീന്‍സില്‍ പറ്റിയ മണ്ണ് പൊടി തുടയ്ക്കുന്നു.
സീറ്റില്‍ കൂനിക്കൂടിയിരിക്കുന്ന
ബീഹാരികളായ
കൂലി വേലക്കാരുടെ തുണിയില്‍ നിന്നും
തൂമ്പയില്‍ നിന്നും
മണ്ണ് ഇറ്റു വീഴുന്നു..
ഞാന്‍ വണ്ടിയില്‍ക്കയറി.
പയ്യന്റെ കൂര്‍ത്ത കണ്ണുകള്‍ എന്റെ കംബിളിക്കുപ്പായത്തിന്റെ
നൂലുകള്‍ക്കിടയിലെ വിള്ളലുകളും മാറി കടന്നു
മാംസം നക്കിയെടുക്കുന്നു.
ദേഹത്തിന്റെ സാദ്ധ്യതകള്‍ തിരയുന്നു.
ഭൂമിയെ  വെട്ടി ജീവിക്കുന്നവരുടെ മുമ്പില്‍
അന്തസ്സോടെ ഞെളിഞ്ഞിരിക്കുന്ന
ഭൂമി വിറ്റ പണം കൊണ്ട് ജന്മിയായവന്റെ ചെവിയില്‍
ഐപോടില്‍ നിന്നുമൊഴുകുന്ന സംഗീതം
അവന്റെ തലയും കാലും
ഒരേ താളം പിടിയ്ക്കുന്നു.

രണ്ടു കുമാരിമാര്‍ പിന്‍ഭാഗം കുലുക്കി
നടന്നു പോകുന്നു
നീങ്ങുന്ന വണ്ടിയില്‍  നിന്നും അവന്റെ കഴുകന്‍ കണ്ണുകള്‍
പുറത്തേയ്ക്ക് പറക്കുന്നു.
നീളമുള്ള ചുവന്ന മുടി പെണ്‍കുട്ടികളുടെ
മുഖങ്ങളെ മറയ്ക്കുന്നു.
കഴുകന്‍ തല തിരിച്ചു നോക്കുമ്പോള്‍
അവന്റെ കഴുത്തിന്‌
നീളം കൂടിക്കൊണ്ടെയിരിക്കുന്നു.
എന്റെ മനസ്സ് പതിയെ പറയുന്നു.
"പാവം.ശക്തിയില്ലാത്തൊരു കഴുകന്‍!"

No comments:

Post a Comment