Monday, February 14, 2011

ഭാരതം .

നഗരം പടര്‍ന്നു പിടിക്കുന്നു.
ഗ്രാമങ്ങള്‍ ചുരുണ്ട് വരുന്നു.
കൃഷി ഇടങ്ങളില്‍  ബഹുനില കെട്ടിടക്കൃഷി.
അവ വളമില്ലതെയും തഴച്ചു വളരുന്നു.
ധാന്യങ്ങള്‍ പേര് മറന്നു തുടങ്ങി
പാല്
എരുമകളുടെയും പശുക്കളുടെയും
 അകിട്ടില്‍ നിന്ന്
ടിന്നുകളിലേക്ക് കടന്നിരിക്കുന്നു. .
കാറുകള്‍.
മൂന്നുലക്ഷം മുതല്‍ മുപ്പതു ലക്ഷം വരെ വില.
എ സി യും പതുപതുത്ത സീറ്റും
പാട്ടു പെട്ടിയും ഉള്ള
ഒഴുകി നീങ്ങുന്ന കൊച്ചു കൊട്ടാരങ്ങള്‍.
കുലുക്കാതെ കുനിക്കാതെ
ഉള്ളിലിരിക്കാനും ഉള്ളിലിരുപ്പുകള്‍ക്കും
സുഖം പകരുന്ന ഗൃഹങ്ങള്‍.
റോഡുകള്‍.
വഴിവക്കിലെ കടക്കാര്‍ കരണ്ട് എടുത്ത വീതി.
ടാര്‍  മറന്ന നിറം.
പണിഞ്ഞവന്റെ കള്ളത്തരം കൊണ്ട്
തൊലിയടര്‍ന്ന അകാല വാര്‍ധക്യം .
എല്ലും പല്ലും പോലെ
കരിങ്കല്‍  ചീളുകള്‍ അവിടെയും ഇവിടെയും പൊന്തി
കുഴിയും കുന്നും ഒന്നിട വിട്ടു നിരക്കുന്ന
പൊടി പറത്തുന്ന ആത്മ സങ്കടങ്ങള്‍.
കാല്‍നട യാത്രക്കാര്‍ ഇല്ലാത്തൊരു പട്ടണം .
സമ്പന്ന രാജ്യത്തിന്‍റെ നെറ്റിയിലെ ചുട്ടി.
പെട്രോളിനും തീയേയും പൊള്ളിക്കുന്ന വില.
തെണ്ടികള്‍ കാറുകളുടെ ജാലകങ്ങളില്‍ മുട്ടിവിളിക്കുന്നു.
പുരോഗമനം നാടിന്‍റെ പടി വാതില്‍ക്കലും.
അന്താരാഷ്ട്ര കംപനിക്കെട്ടിടങ്ങളുടെ
പാരപ്പെറ്റില്‍  കയറി ഇരിക്കാന്‍
പ്രാവുകള്‍ക്ക് മാത്രം തടസ്സമില്ല.
പാവങ്ങള്‍ ഇന്നും തറയില്‍ തന്നെ.
എങ്കിലും അവര്‍ക്ക് ഉണങ്ങിയ ചപ്പാത്തിയും
കയ്യില്‍ തഴമ്പിന്റെ അടയാളവും ഉണ്ടല്ലോ.
 

No comments:

Post a Comment