Monday, February 14, 2011

കാഴ്ചപ്പാട് .



1. കാഴ്ചപ്പാട് .

പാതകള്‍ പലതരമുണ്ട്.
നടന്നു നടന്നു തേഞ്ഞു പോയവ.
പുതുതായി ടാറിട്ടു മിനുക്കിയവ.
പല മഴകള്‍ പെയ്തു
കുഴികള്‍ പിറന്നവ.
ചരലും മണ്ണും ഇട്ടു ഒളിപ്പിച്ച  കുഴികളില്‍
കുറെ ഭാഗം ഉറച്ചും
ചിലയിടം ചെളി കെട്ടിയും
അനാഥത്വം പേറുന്നവ.
വഴികള്‍ പല ദിശകളിലെക്കുമുണ്ട്.
തെക്കോട്ട്‌ വടക്കോട്ട്‌
പടിഞ്ഞാട്ടു കിഴക്കോട്ടു ,
പിന്നെ അവക്കിടയിലെ വിടവുകളിലേക്ക് .
വഴികളുടെ അഭാവം പ്രശ്നമല്ല.
നടക്കേണ്ട വഴിയേത് എന്നതൊരു ചോദ്യമാണ്.
സംശയം വഴികളുടെ വിശ്വാസ്യതയില്‍ അല്ല
നടക്കുന്നവന്റെ മനസ്സിലും കാലുകളിലും ആണ്.
ചിലര്‍ക്ക് ചിലവഴി പ്രിയങ്കരം.
മറ്റുള്ളവര്‍ക്ക് മറു വഴികളും.
ചെരുപ്പ് ത്തെയും വരെ ഓടിയും നടന്നും
നോക്കിയിട്ടില്ലത്തവര്‍ക്ക്
ഇതു വഴി ഉത്തമം
ഇതുവഴി അധമം
എന്നൊക്കെ കൂകി വിളിച്ചു നടക്കാന്‍
ഏതുവഴി ,ആരു കൊണ്ടുവരുന്നു
ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത
അധികാരങ്ങള്‍?

രാത്രികള്‍

ഏകാന്ത പഥികരുടെ എല്ലാ രാത്രികള്‍ക്കും
നിറം ഒന്നാണ്.
അവയെല്ലാം കറുത്തതാണ്‌.
വെളിച്ചത്തിന്റെ വെള്ളി നൂല്‍ക്കംബികളില്‍
നെയ്തെടുക്കുന്ന സ്വപ്നങ്ങള്‍
അവയുടെ വാക്കുകളെ അലങ്കരിക്കുകയില്ല.
സ്വപ്നങ്ങളും പ്രതീക്ഷകളും
അവയില്‍  പ്രേതങ്ങളെ പ്പോലെ  അലഞ്ഞു നടക്കും.
കണ്ണ് കനത്ത ശൂന്യതയും
കാതു പൊട്ടുന്ന മൂകതയും മാത്രമാണ്
അത്തരം രാവുകള്‍ക്ക്‌ സ്വന്തമായുള്ളത്.
തപ്പിത്തടഞ്ഞു നടന്നു തട്ടി വീഴുന്ന
കുറെ നിമിഷങ്ങളും,
വക്കുകള്‍ പൊട്ടിപ്പോയ കുറെ മോഹങ്ങളും,
വരിക്കൂട്ടിവെച്ചു,
വരുവനാരുമില്ലാത്ത വഴികളുടെ വക്കുകളിലും,
വെളിച്ചം നൂണ്ടു കടക്കാത്ത മുറികളുടെ കോണുകളിലും
വേദനകളുടെ അറ്റം കാണാത്ത  വരാന്തകളിലും,
ആ രാത്രികളും പതുങ്ങി നില്‍ക്കും.
ചോദിക്കാനും പറയാനും ഒന്നുമില്ലാത്ത
മനസ്സുകള്‍ക്ക് കാവല്‍ക്കാരായി,
നോവുമാരവിച്ച ഹൃദയങ്ങളിലെ
നോക്കുകുത്തികള്‍ ആയി
ഓര്‍മ്മകളുടെ വെച്ച് മറന്ന
ബാക്കി പത്രങ്ങളായി
ആ രാത്രികളും നിലനില്‍ക്കും

പ്രതീക്ഷ

നമുക്കിടയിലെ ശൂന്യത ഞാന്‍
മൌനം കൊണ്ട് നിറയ്ക്കുകയാണ്.
ഒരു ലോകത്തില്‍ നിന്നും മറ്റൊന്നിലേയ്ക്ക്
യുഗങ്ങളുടെ നീളമാണ് എന്ന സത്യം അറിയവേ
നമുക്കിടയിലെ വിടവുകള്‍ ഞാന്‍
നിസ്സന്ഗത കൊണ്ട് നിറയ്ക്കുകയാണ്.
തോന്നലുകള്‍ ഏതും
കടന്നു വരാവുന്ന വഴിയില്‍ നിന്ന് മാറി
അടുപ്പങ്ങളുടെ മിഴി മുന്നില്‍ ചെന്ന് പെടാതെ
ഇരുട്ടുകളുടെ കാട്ടു പൊന്തകളില്‍
കള്ളി മുള്‍ചെടിയായി ഞാന്‍
പതുങ്ങിയിരിക്കുകയാണ്
ആകാശത്തിന്റെ നിറം
പുലരിയില്‍ നിന്ന് പകലിലൂടെ കയറി
സന്ധ്യ യിലൂടെ ഊര്‍ന്നിറങ്ങി
രാത്രിയിലെത്തി നിരങ്ങി നീങ്ങി
വീണ്ടും മറ്റൊരു ഉഷസ്സിലെത്തി നില്‍ക്കുന്ന
വൃത്തത്തെ നോക്കി ഞാന്‍ പകച്ചിരിക്കുകയാണ്‌.
നീളമറിയാതെ തനിച്ചിരിക്കുകയാണ്‌
നീയെന്റെ ദൈന്യത മനസ്സിലാക്കുമോ?
നിന്റെ ഹൃദയത്തില്‍ ഏതെങ്കിലും
തുറക്കാന്‍ ഇടയില്ലാത്ത  കോണില്‍
ചിലന്തി വലപോലെ പറ്റിപ്പിടിച്ചു തൂങ്ങാന്‍
വെറുതെയെങ്കിലും നീ അനുവദിക്കുമോ?
സ്നേഹവും വിശ്വാസവും
ഇണ പ്രാവുകളെപ്പോലെ
ജീവിച്ചിരുന്ന കൂട്‌
ഉണങ്ങിയ പുല്ക്കെട്ടു പോലെ ഇന്ന്
മരക്കൊമ്പില്‍ തൂങ്ങിയാടുന്നു.
കിളികളും ഋതുക്കളും
മാറി മാറി വന്നു പോയ നടവഴികളില്‍
കാട്ടു പൂച്ചയെപ്പോലെ പതുങ്ങുന്ന സന്ധ്യയുടെ
വിളര്‍ത്ത നിഴല്‍ പടര്‍ന്നു കയറുമ്പോള്‍
മൌനങ്ങളില്‍ നിന്നും മൌനങ്ങളിലെയ്ക്കും
മോഹങ്ങളില്‍ നിന്നും വ്യമോഹങ്ങളിലെയ്ക്കുമുള്ള
ദൂരം അളന്നു
ഇരുട്ടിന്റെ കട്ടകളില്‍ വെളുപ്പിന്റെ നുറുങ്ങായി
ഒറ്റയ്ക്ക് വിരിഞ്ഞ ഒരു രാത്രി മുല്ലയെപ്പോലെ
നിന്റെ പിന്‍ വിളികള്‍ക്കായി
ഇനിയും കാതോര്‍ക്കുവാന്‍
ഈ സന്ധ്യ കടന്നകലും  മുന്‍പ്
നീയെനിക്കൊരിക്കല്‍ കൂടി
സമ്മതം തരുമോ ?
ഞാന്‍ വെറുതെ കാത്തിരിക്കുന്നുണ്ട്..


എന്‍റെ യാത്ര

.
നേരെ നീണ്ടു നീണ്ടു പോകാത്ത
വഴികളിലാണ്‌ ഞാനെന്നും നടക്കുക.
കുന്നുകളും കയങ്ങളും ഇറക്കങ്ങളും ചതുപ്പുകളും
ഇരുവശങ്ങളിലും വേണ്ടുവോളം.
എനിക്ക് ഭയമില്ല .
തോന്നുമ്പോള്‍ കാഴ്ചകള്‍ കാണും.
തോന്നാത്തപ്പോള്‍  കണ്ണടച്ചുറങ്ങും.
കാറ്റിനെയും കൈവരികളെയും
വിശ്വസിക്കാത്തപ്പോള്‍
കനിവുള്ള മനസ്സുകളിലെ നിലക്കാത്ത മഴകള്‍ ആണ്
മാര്‍ഗ ദര്ശികള്‍.
നാഴികക്കല്ലുകള്‍ എണ്ണറില്ല .
മുന്നിലും പിന്നിലും നടക്കുന്നവര്‍ക്ക്
വഴിതടസ്സം ഉണ്ടാക്കാറില്ല.
വീണ്‌പോയവന്റെ കൈ പിടിക്കാന്‍ മടിക്കത്ത്തപ്പോള്‍
മനുഷ്യന്റെ മണമാണ് നിശ്വാസങ്ങള്‍ക്ക്.
സ്നേഹത്തിന്റെ ചൂടാണ് രക്തപ്രവഹത്ത്തിനു.
വിശ്വസിച്ചവന്‍ വരുമ്പോള്‍ വീഴിക്കാന്‍
വഴിവക്കിലോളിച്ചിരുന്നു കുഴി കുത്തുന്ന
ജീവിതരീതികളും
മുന്നില്‍ പുഞ്ചിരിച്ചു കാട്ടി
പുറകില്‍ കത്തി ഏറിയുന്ന സംസ്കാരവും
ഈ യാത്രയുടെ ഭാഗമല്ല.
തളര്‍ന്നപ്പോള്‍ നീയോഴിച്ചു തന്ന ദാഹ ജലം.
നിന്റെ സന്മനസ്സിന്റെ അമൃതധാര.
വിശന്നപ്പോള്‍ നീ പകുത്തു തന്ന ഭക്ഷണം
നിന്റെ ഹൃദയ മഴവില്ലിന്റെ ഏഴഴക്.
എല്ലാം എന്നും ഓര്‍മ്മിക്കാന്‍ ഉപഹാരം.
നന്ദി എന്ന വക്കും തോന്നലും
ഔപചാരികതയുടെ നീര്‍ക്കുമിള അല്ലാതെ
കടമയുടെ സത്തയായി കാത്തുവെക്കുന്ന
മനസ്സ് മാത്രമാണീ യാത്രയിലെ മുതല്‍ക്കൂട്ട്.
 Reply ForwardK.G.Suraj is not available to chat

നാട്ടുനടപ്പ്.

.
ഒരു വഴിയില്‍ നിന്ന്
മറ്റൊരു വഴിയിലേക്ക്
തിരിയുന്ന കവലകളില്‍ വെച്ചാണ്‌
ലക്ഷ്യങ്ങള്‍ നഷ്ടങ്ങളായി മാറുന്നത്.
ഒരു ചോദ്യം മറ്റൊന്നിനോട്
ചോദ്യം ചോദിക്കുന്നിടതതാണ്
ജീവിതം മറ്റൊരു ചോദ്യം ആയി മാറുന്നത്.
പറയാനൊന്നുമില്ലാതെ പരുങ്ങുമ്പോള്‍ ശബ്ദവും
കേള്‍ക്കാന്‍ ആരുമില്ലാതെ ഉഴറുമ്പോള്‍ സംഗീതവും
മരിച്ചുവീഴും.
പ്രതീക്ഷകളുടെ വിടവുകളില്‍
നിരാശകള്‍ ജനിക്കുന്നു.
പ്രത്യാശയുടെ കണ്ണുകളില്‍
അപേക്ഷകളും.
നോക്കിനടക്കുമ്പോള്‍ നഷ്ടപ്പെടുന്നത്
നോക്കാത്തിടത്ത് മുളച്ചു പൊങ്ങുന്നു.
ജീര്‍ണ്ണതകളിലെ  കൂണുകള്‍ പോലെ
വേദനകളിലെന്നും വ്യമോഹങ്ങളുണ്ട്.
ഇതാണ് രീതിയെന്ന് വിശ്വസിക്കുമ്പോള്‍
അറിവില്ലായ്മകള്‍ സന്തോഷങ്ങളാകും.
എതിര്‍ക്കുന്നവനും തടുക്കുന്നവനും
അറിവുകള്‍ എന്നും വേദനകളുമാകും.

തിരച്ചിലുകള്‍.

പാഥേയം കയ്യിലില്ലാത്ത പഥികന്റെ വയറുപോലെ
ഞാനും നിന്നെ തിരഞ്ഞു നടക്കാറുണ്ട്.
ചില നേരങ്ങളില്‍,ചില വഴിയോരങ്ങളില്‍,
പൊന്തകള്‍ക്കു ഉള്ളിലോ ,
ചില മരുഭൂമികളില്‍ കള്ളിമുള്‍പ്പടര്‍പ്പിലോ
ചില മറകള്‍ക്കപ്പുറത്ത് ഞൊടിയിടക്കാഴ്ചയോ,
ഒളിക്കപ്പെട്ട രഹസ്യമായോ
നീയുണ്ടായിരുന്നിരിക്കണം.
പക്ഷെ ഞാന്‍ കണ്ടിട്ടില്ല..
മഴ പെയ്തു നിന്നപ്പോഴും
വെയില്‍ കത്തി വിറഞ്ജപ്പോഴും,
നീയെന്‍റെ മനസ്സിലുണ്ടായിരുന്നു.
മഞ്ഞു കാലങ്ങളില്‍ രോമകൂപങ്ങളിലും,
ശിശിര കാലങ്ങളില്‍ ഹൃദയത്തിലെ ശൂന്യതയിലും
ഞാന്‍ നിന്നെ സ്പര്‍ശിച്ചിട്ടുണ്ട്.
നീയന്നും ഒരു കിനാവ് പോലെ മാറി നിന്നു.
പകലുകളും രാത്രികളും
ചോരപുരണ്ട സന്ധ്യകളും
എന്നിലിന്നും മരിച്ചു വീഴാറുണ്ട്‌.
പക്ഷെ പകല്‍ക്കിനാവുകളില്‍ നിന്നും
നീ ഇനിയും തേഞ്ഞുമായുന്നില്ല.
വ്യമോഹങ്ങളുടെയും വേദനകളുടെയും,
പിടച്ചിലുകളുടെയും എരിച്ചിലുകളുടെയും
അന്ത സത്തയായി,
ആര്‍ജ്ജവങ്ങളുടെയുംപ്രതീക്ഷകളുടെയും,
നില ചലനങ്ങളുടെയും നിലനില്‍പ്പിന്റെയും
കാരണമായി നിന്റെ നിഴല്‍
 ഇന്നും കുടി കൊള്ളുന്നുണ്ട്.
ഞാന്‍ നിന്നെ തിരയുന്നുമുണ്ട്.
 

നഷ്ടം.

ശിശിരങ്ങള്‍ ക്ക് നഷ്ടപ്പെട്ടത്,
മഞ്ഞ നിറം പടര്‍ന്നു കയറിയ
വാടിയ ഇലകളായിരുന്നില്ല
കോറി മുറിഞ്ഞു ചുവന്ന കണ്ണീര്‍ തുളുമ്പുന്ന
ഒരു ഹൃദയമായിരുന്നു.
അതുകൊണ്ടാണ് അന്ന് ഞാന്‍ കരഞ്ഞത്.
എനിക്ക് പുഞ്ചിരിക്കാന്‍ കഴിയാതിരുന്നത്.
ഇത്തിരി നേരത്തെ നഷ്ടപ്പെടലുകള്‍ക്ക്‌
വര്‍ഷങ്ങളോളം നീളുന്ന നടവഴികളുടെ പഴക്കവും,
ഉറഞ്ഞു നില്‍ക്കുന്ന വായുവിന്‍റെ
മുഷിഞ്ഞ ഗന്ധവുമുണ്ട്.
കൊഴിഞ്ഞു വീഴുന്ന ഇലകള്‍
ആ വഴിയെ മൂടുമ്പോള്‍,
ശിശിരങ്ങള്‍ക്ക് അവസാനമാകും.
നഷ്ടങ്ങളും നേട്ടങ്ങളും ഓര്‍മ്മകള്‍ ആകും.
പിന്നെ മഞ്ഞു കാലങ്ങളുടെ സമയമാണ്.
മറവികളുടെയും.

പ്രണയം.----

സ്വപ്നം കാണാന്‍ മഴവില്ല് മനസ്സില്‍ ഒതുക്കിയ
ഒരു മഞ്ഞു തുള്ളി.
ഇഷ്ടമെന്ന വാക്ക് മുഴുവന്‍ ഉച്ചരിക്കാന്‍
അനുവാദമില്ലെങ്കിലും അധികാരമില്ലെങ്കിലും
പകല്‍ക്കിനാവുകളില്‍ ഒരു പുഞ്ചിരി.
ഒരു നെടുവീര്‍പ്പ്.
അടുക്കാതെ തന്നെ വന്നു കൂടിയ
അകല്‍ച്ചയുടെ നനുത്ത നോവ്‌.
ആള്‍ക്കൂട്ടങ്ങളില്‍ നിന്നും വേറിട്ട്‌
ആരോടും മിണ്ടാതെ
ഒറ്റക്കിരിക്കാന്‍ പ്രേരിപ്പിക്കുന്ന
ഒന്നും കാണാതെ എല്ലാം കാണാന്‍ കൊതിപ്പിക്കുന്ന
പറയാത്ത വാക്കുകള്‍ കേള്‍ക്കാനും
പറഞ്ഞ വാക്കുകള്‍ കേള്‍ക്കാതിരിക്കാനും
പതിയെപ്പതിയെ
ബോധ തലങ്ങളെ മയക്കിയെടുക്കുന്ന
അവ്യക്തമായ ഒരു മോഹവലയം .
യാഥാര്‍ത്ഥ്യങ്ങള്‍ കണ്ണുകള്‍ക്ക്‌ മുമ്പില്‍
ചാടിവീണ് കാഴ്ച മറക്കുമ്പോള്‍
തിരശീലകള്‍ക്ക് പിന്നില്‍
മുഖം മറച്ചു
വിടവുകളിലൂടെ പതുങ്ങി നോക്കാനുള്ള
അഭിവാന്ച്ച..

ഈ യാത്ര എങ്ങോട്ടേക്ക്??

അധ്യയനം .

ഗുരുവേ..
ഓതി തന്നത് ഒന്നും
ശിഷ്യ മറക്കുക ഇല്ല.
സ്നേഹിക്കാന്‍ അധികാരം
മുദ്രപ്പത്രങ്ങളില്‍ തന്നെ എഴുതി വാങ്ങണമെന്ന്.
സ്നേഹവും അച്ചടിച്ച അക്ഷരങ്ങളാല്‍ 
തീര്‍ക്കപ്പെട്ട
മറ്റൊരു വാക്ക് മാത്രം ആണെന്ന്.
വിശ്വസിക്കുന്നതിന്  മുന്‍പ്
പരീക്ഷിക്കണം എന്ന് .
വിശ്വാസം നഷ്ടപ്പെട്ടാല്‍
കുഴി കുത്തി കുഴിച്ചു മൂടണം എന്ന്.
ഗുരുവേ..
പക്ഷെ ശിഷ്യ നിന്റെ കാലടിപ്പാടുകള്‍
പിന്തുടര്‍ന്നില്ല.
തെറ്റ്.
അക്ഷരങ്ങള്‍ പധിക്കാതെ
കൂട്ടുകാരനെ കണ്ടെത്തി.
പ്രമാണ പത്രം ഇല്ലാതെ അവനെ
മുറിക്കാതെ മുഴുവനായി സ്നേഹിച്ചു.
പരീക്ഷണ ശാലകള്‍ക്കു അപ്പുറത്തെ
തുറന്ന വളപ്പില്‍
വിശ്വാസങ്ങള്‍ നാട്ടു വളര്‍ത്തി
വെള്ളമൊഴിച്ച് വളമിട്ടു.
പിന്നീടു അവ പടര്‍ന്നു പന്തലിച്ചു
ആല്‍മരങ്ങള്‍ ആകുമെന്നും
ആ തണലില്‍ ഒരു വീട്ടുമുറ്റം പിറക്കുമെന്നും
ലോഭമില്ലാതെ സ്വപ്നവും കണ്ടു
പാ ധ ങ്ങള്‍ വ്യര്‍ഥം ആയില്ലെന്ന്
ഗുരുവില്‍ നിന്ന് തന്നെ തിരിച്ചു അറിഞ്ഞു.
രണ്ടു തുള്ളി കണ്ണീരും
നെഞ്ച് പൊട്ടുന്ന നൊമ്പരവും
ഒരു മുഴം കയറും
ഗുരുടക്ഷിനയും നല്‍കി.
പക്ഷെ ഇന്ന്,
മുദ്രപ്പത്രത്തില്‍ എഴുതിയ സ്നേഹവും,
പരീക്ഷിച്ചു ഉറപ്പിച്ച വിശ്വാസവും
ഗുരുവിനെയും വഞ്ചിച്ചു
കടന്നുപോയെന്നാണ്
അടഞ്ഞ കണ്ണുകള്‍ക്ക്‌ അപ്പുറത്തെ
തുറന്ന കണ്ണുകള്‍ കൊണ്ട്
ശിഷ്യ പിന്നെയും കാണുന്നത്.
 

കാത്തിരുപ്പ്.


മഴമേഘം  കാണുമ്പോള്‍
വേഴാമ്പല്‍കള്‍ക്ക് സന്തോഷമാവും .
മഴകള്‍ക്ക്‌ അപ്പുറത്തൊരു  
മഴവില്ലിനെപ്പറ്റി
അപ്പോഴത് ചിന്തിക്കാറില്ല.
അവ കാത്തിരിക്കുന്നതെന്നും 
ഒരു മഴയെ മാത്രമാണ്  .
അവയുടെ മോഹങ്ങളില്‍
നിറഞ്ഞു നില്‍ക്കുന്നത്  .
ചടുലമായി പെയ്തിറങ്ങുന്ന
ജലകണങ്ങള്‍ മാത്രമാണ് .
ചുവന്ന രക്ത കണ്ണുകളില്‍ 
നിന്ന് പാറുന്ന
ദാഹത്തിന്റെ അഗ്നി എന്നും
മഴയ്ക്ക് മാത്രം വേണ്ടിയുള്ളത് .
മണ്ണിന്റെ നിറമുള്ള ചിറകുകളിലെ
തുടിപ്പുകള്‍ എന്നും
മഴ നനഞ്ഞു കുതിരാനുള്ള
ആക്രാന്തങ്ങളുടെത്. .
മഴക്കപ്പുറം
ചെറിയ വെയിലുകള്‍ക്കുള്ളില്‍
വിടരുന്ന
അധിക നേരം കാത്തു നില്‍ക്കാത്ത
ഉണ്ടോ ഇല്ലയോ എന്ന് സംശയിപ്പിക്കുന്ന
മഴവില്ലുകളെപ്പറ്റി
മഴ വരും മുമ്പേ
വേഴാമ്പലുകള്‍ ഓര്‍ക്കാറില്ല. 

അസൂയ

.

നല്ലത് മാത്രം കാണാന്‍ ആഗ്രഹിക്കുന്ന
രണ്ടു കുഞ്ഞി കണ്ണുകള്‍ ആണ്
എന്‍റെ ഉരുണ്ട മുഖത്തുള്ളത്‌.
പക്ഷെ നല്ലതുകള്‍
എന്‍റെ വീട്ടു മുറ്റത്തിനും അപ്പുറത്തുള്ള
ഇടവഴിയിലൂടെ
നടന്നു പോവാര്‍ആണ് പതിവ്.
കാറ്റു കൊള്ളാനും
വെള്ളം കുടിക്കാനും
ചിലപ്പോഴവ നിന്‍റെ മുറ്റത്തു കയറും.
ഞാന്‍ വെറുതെ
മൊന്തയില്‍ വെള്ളവും വെച്ച്
തൂണും ചാരി കുത്തിയിരിക്കും.
നീ അവയോടു സംസാരിക്കുമ്പോള്‍
ഇടയ്ക്കു നിന്‍റെ കണ്ണുകള്‍
എന്‍റെ വരാന്തയിലേക്ക്‌
പാറി വീഴാറുണ്ട്‌ .
ഞാന്‍ അത് കണ്ടില്ലെന്നു നടിച്ചു
കാക്കയ്ക്ക് നെല്ല് എറിഞ്ഞു കൊടുക്കും.
പക്ഷെ അടുക്കളയിലെ
പകുതി കത്തിയ മരചീള്‍
ഒന്നും മിണ്ടാതെ
വെറുതെ പുകഞ്ഞു കൊണ്ടിരിക്കും.

സ്വരച്ചേര്‍ച്ച.



ഞാന്‍ ഒരു മന്ദബുദ്ധി.
നീ ചൂണ്ടും വഴി ചിന്തിക്കാന്‍
എന്‍റെ തലച്ചോറിലെ കോശങ്ങള്‍ക്കറിയില്ല.
അവ കൂട്ടം തിരിഞ്ഞു നില്‍ക്കും,നടക്കും.
നീ വരക്കും വരകളില്‍ അവ വന്നു നിരയായി
നില്‍ക്കില്ല.
വിവരദോഷികള്‍.
അനുസരണം കേട്ട അജ്ഞാനികള്‍!
പക്ഷെ ഒന്നും മനപ്പൂര്‍വം അല്ല.
ബുധിരഹിതമെന്നത്
അവരുടെ ഒരു രീതി മാത്രം.
ജനിതകത്തിലെ ഇടങ്ങേര്.
പാരമ്പര്യത്തിന്റെ ശനിദോഷം.
നീ നടക്കുന്ന വഴികള്‍ അവര്‍ക്കറിയില്ല.
അവരുടെ ചലനത്തിനര്‍ത്ഥം നിനക്കും.
ഒന്നും ആരുടെയും തെറ്റല്ല
മരിച്ചു വൈശിഷ്ട്യം.
നീ ശാസ്ത്രത്തില്‍ വിശ്വസിക്കും
എന്‍റെ കോശങ്ങള്‍ സ്വപ്നത്തിലും
തത്വശാസ്ത്രം രണ്ട്‌.
ചലന ശാസ്ത്രം എതിര്.
പക്ഷെ ദുര്ബ്ബലതകളല്ല
ഒരിക്കലും നാം ഇരുവരും ശത്രുക്കലുമല്ല.

സ്നേഹം

 .
അത് ഉറക്കറയിലെ രഹസ്യമല്ല.
ഭാഗിച്ചു കൊടുക്കാവുന്ന സ്വത്തുമല്ല .
തിരിച്ചു ചോദിയ്ക്കാന്‍ വേണ്ടി ഒരു കടമല്ല
വഴി നടക്കുമ്പോള്‍ മാത്രം ഉള്ള കുടയുമല്ല.
സ്നേഹം ഒരു സത്യമാണ്.
വിളമ്പുമ്പോള്‍ അത് ഭക്ഷണം ആവും .
പകരുമ്പോള്‍ അത് വെള്ളമാവും.
ഒളിപ്പിച്ചു വെക്കുമ്പോള്‍ ചിതലരിക്കും.
പകുത്തെടുക്കുമ്പോള്‍ പടര്‍ന്നുകയറും.
സ്നേഹം സുഖങ്ങളല്ല.
വേദനകളിലെ സൌഹൃദമാണ്.
വേര്‍പെട്ടുപോകുന്നവന്റെറ  ഓര്‍മ്മകളാണ്.
സ്നേഹം ജീവിതമല്ല.
ജീവിതം തീര്‍ന്നിട്ടും
മരിക്കാതെ പോകുന്ന മനസ്സുകളാണ്.
സ്നേഹം....?
നിന്‍റെ മനസ്സില്‍ ഉറവെടുക്കുന്ന
നിന്‍റെ മാത്രം വ്യാഖ്യാനം ആണ്.
 

സഹാനുഭൂതി.


ചിലപ്പോള്‍
ചിലനേരങ്ങളില്‍
കര്‍ണ്ണ പടങ്ങളെ തകര്‍ക്കുന്നത്
ഒച്ചയില്ലാത്ത ശബ്ദങ്ങള്‍ ആണ്.
നോവുകളുടെതാണ് ആ ശബ്ദങ്ങള്‍.
ചിരിക്കുന്നവര്‍ അത് കേള്‍ക്കില്ല.
കണ്ണീരു വറ്റിയ ചില കണ്ണുകള്‍ക്ക്‌ അടിയിലെ
കറുത്ത സമുദ്രങ്ങള്‍ക്ക് അഗാധതയില്‍
നീരാളികളെപ്പോലെ
അവ ഒളിഞ്ഞിരിക്കും .
വേലിയെട്ടങ്ങളില്‍ അവ പൊങ്ങിവരും
വേലി ഇറക്കങ്ങളില്‍  തിരമാലകളെപ്പോലെ
അവ മടങ്ങിപ്പോകുമ്പോള്‍ കാതുകള്‍ ശൂന്യമാകും.
ശൂന്യതയുടെ വേദന
ചെവികള്‍ക്ക് അകത്തു ഉരുണ്ടു മറിയും.
ബധിരന്‍ പലപ്പോഴും അത് തിരിച്ചറിയും.
കാതുകേള്‍ക്കുന്നവന്‍ മിക്കപ്പോഴും
ചെവി പൊത്തി തിരിഞ്ഞു ഇരിക്കും.

എനിക്ക് വേണ്ടി

ഈ പെയ്തൊഴിയാത്ത മഴയത്ത്
ഞാന്‍ കുറെ സ്വപ്നങ്ങള്‍ നട്ടിട്ടുണ്ട്.
എനിക്കുവേണ്ടി നീയവക്ക് വളം ഇടണം .
ഇനി ഒരിക്കല്‍ അവ വളര്‍ന്നു
വക മരങ്ങള്‍ ആവും
മേയ് മാസങ്ങളിലെ വേനല്‍ച്ചൂടില്‍
തണുപ്പുള്ള മഞ്ഞപ്പൂക്കള്‍
നിനക്കായി വിരിയിക്കും.
ഞാന്‍ ഇനിയും
മുള്‍ച്ചെടികള്‍ മാത്രം മുളക്കുന്ന
മരുഭൂമികളിലേക്ക് തിരിച്ചുപോകും.
അവിടെ മണല്‍ക്കൂനകല്‍ക്കടിയിലാണ്
എന്റെ വാസസ്ഥാനം .
ഒരു ഇഴ ജന്തു മാത്രമായ എനിക്ക്
നിന്നോടൊപ്പം ആമയായി  ഓടാനാവില്ല.
ഞാന്‍ ഇനിയും തിരികെ വരും .
കട്ടില്‍ പറന്നു പോകാത്ത
കുറെ പകല്‍ക്കിനവുകളുമായി
നീയവ നിന്റെ തലയിണക്കീഴില്‍ സൂക്ഷിക്കണം .
ഞാന്‍ പരന്നുപോയാലും
ഉറക്കങ്ങളില്‍ നിനക്ക്
അവയെന്നും താരാട്ടു പാടും.
 

സാധാരണം .

 .ഉത്തരം ഇല്ലാത്ത ചോദ്യങ്ങള്‍
എന്നോട് ചോദിക്കരുത്.
എട്ടുകളിയില്‍ നിന്നും  പല്ലിയിലേക്കും
അവിടെ നിന്ന് തിരികെയും
നിരന്തരം യാത്രകള്‍ നടത്തുന്ന
അഭിപ്രായങ്ങള്‍ ഇല്ലാത്ത ,
നിറഭേദങ്ങള്‍ അറിയാത്ത ,
ഭയപ്പെടാതെയും,ഭയം ഇല്ലാതെയും,
മൂലകളില്‍ ഒളിക്കുന്ന
നിശബ്ദതയും ഇര്രുട്ടിനെയും
ഒരുപോലെ സ്നേഹിക്കുന്ന
അറിയാതെ ,
ആരോടും പറയാതെ
ജനിച്ചു,
കാണപ്പെടാതെ ജീവിച്ചു ,
അപ്രധാനമായി മരിക്കുന്ന ,
സാധാരണ മിണ്ട പ്രാണികളില്‍
ഒന്ന് മാത്രം ആണ് ഞാന്‍.
എന്നില്‍ നീ ഉത്തരങ്ങള്‍
തിരയരുത്.
എനിക്ക് വല നെയ്യാനും
വാലും മുറിച്ചു ഇടാനും
മാത്രമേ കഴിയൂ..

ചീട്ടുകളി .

കളിക്കാതിരിക്കാന്‍ തീരെ നിര്‍വാഹമില്ലാത്ത
ഒരു കളിയില്‍ ഞാനും കുടുങ്ങിപ്പോയി .
ഒരു ചീട്ടുകളി.
നല്ല കൈ കൈവശമുണ്ടെങ്കില്‍
കളി ജയിക്കാം.
പക്ഷെ അതും വെറും ഭാഗ്യം.
ഭാഗ്യങ്ങള്‍ തലയിലാണ് വരക്കപ്പെട്ടിരിക്കുന്നതെന്ന്
കാരണവന്മാര്‍ പറയുന്നു.
അത് കേട്ടാണ് ഞാനും ഈ ചീട്ടു കെട്ടും
കൂടെ കളിക്കുന്നവരും വളര്‍ന്നത്‌.
ശുധ്ധന്മാര്‍ തോല്‍ക്കുകയെ ഉള്ളൂ എന്ന്
കളി തുടങ്ങും മുമ്പ്
രാജാവ്‌ പറഞ്ഞു.
റാണി ശരി വെച്ചു.
പക്ഷെ  കളിച്ചേ പറ്റൂ .
മറ്റു ചീട്ടുകള്‍ പറഞ്ഞു.
ഞാന്‍ കളിച്ചു തുടങ്ങിയപ്പോള്‍ എല്ലാം തോറ്റു.
ചീട്ടുകള്‍ ചിരിച്ചു
എനിക്ക് വാശിയായി.
കളിക്കുക അല്ലെങ്കില്‍ മരിക്കുക എന്നായി .
ഡാര്‍വിന്‍ പുറകില്‍ പതുങ്ങി നിന്ന് പറഞ്ഞു.
"കരുത്തുള്ളവന്‍ മാത്രം അതിജീവിക്കും"
ഞാന്‍ കളി പധിച്ചു.
തോല്‍ക്കരുതല്ലോ.
 

ദരിദ്രര്‍ .

ദരിദ്രര്‍ കൂട്ടം കൂടിയിരുന്നു
തീ കായുകയായിരുന്നു.
മകര മഞ്ഞിന്റെ തണുപ്പ്‌ ഏറ്റു
രാത്രി വിറച്ചു.
ഉണക്കചില്ലകള്‍ സീല്‍ക്കാരത്തോടെ
തീക്കൈകളില്‍ എരിഞ്ഞു.
തീപ്പൊരികള്‍ മിന്നാമിന്നികളായി
പറന്നു വീണു പിടഞ്ഞു.
ദാരിദ്ര്യങ്ങള്‍ ദര്ദ്രര്‍ക്ക് പുറകില്‍
വരിവരിയായി നിന്നു.
വയറിന്റെ ദാരിദ്ര്യം ,വസ്ത്ര ദാരിദ്ര്യം,
ഹൃദയ ദാരിദ്ര്യം,സ്നേഹദാരിദ്ര്യം,
മനസ്സിന്റെ ദാരിദ്ര്യം,മോഹ ദാരിദ്ര്യം ,
ചിന്തയിലെ ദാരിദ്ര്യം, നേട്ടങ്ങളില്‍ ദാരിദ്ര്യം.
ദാരിദ്ര്യങ്ങള്‍ക്കങ്ങനെ നിറം പലത്.
ദേശ ഭാഷ വേഷങ്ങള്‍ക്കും അപ്പുറം
ജാതി മത ഭക്തികള്‍ക്കൊപ്പം
കൈകോര്‍ത്തു പിടിച്ചവ വരിവരിക്ക് നിന്നു.
വയറിന്റെ ദാരിദ്ര്യം ഹൃദയ ദാരിദ്ര്യത്തെ നോക്കി
നെടുവീര്‍പ്പിട്ടു.
മനസ്സിന്റെ ദാരിദ്ര്യം നേട്ടങ്ങളെ കണ്ടസൂയപ്പെട്ടു.
വസ്ത്ര ദാരിദ്ര്യം സ്നേഹ ദാരിദ്ര്യത്തെ പുച്ചിച്ചു.

കുറവേതു തരമെങ്കിലും കുറവാണെങ്കില്‍ അത്
ദരിദ്രാവസ്ഥയില്‍ തന്നെ പെടുമെന്ന്
ആളിക്കത്തുന്ന തീയും പുകമറകള്‍ ഇല്ലാതെ
അഭിപ്രായപ്പെട്ടു.
ദാരിദ്ര്യം മറക്കാന്‍
പട്ടു പാടുകയും ന്രിത്തമാടുകയും
മാത്രമാണ് വഴിയെന്നു
രാത്രിയും
ആകാശത്തിന്റെ മറ നീക്കി ഒളിഞ്ഞു നോക്കിയ
ഒറ്റ നക്ഷത്രവും ഒന്നിച്ചു മൊഴിഞ്ഞു.
ദാരിദ്രരെങ്കിലും ദരിദ്രവാസികള്‍ അല്ലാതിരുന്നവര്‍
പരസ്പരം കൈകോര്‍ത്തു തീക്കുന്ടത്തിനു വലം വെച്ച്
താളമിട്ടു തന്നെ പിന്നെ
ചുവടുകള്‍ വെച്ചു.

പ്രേമം.

അവസാന പ്രേമം
കല്ലേറ് കിട്ടിയ ചാവാലിപ്പട്ടിയെപ്പോലെ
ഓളിയിട്ടുകൊണ്ടാണ്
അന്ത്യ ശ്വാസം വലിച്ചത് .
അത് റോഡില്‍ ചത്തു കിടന്നപ്പോഴോ 
ചീഞ്ഞു നാറിയപ്പോഴോ
വാരി വലിച്ചു കുഴിച്ചു മൂടാനോ
സമാധാനിപ്പിക്കാനോ
ആരും വന്നില്ല.
വളര്‍ത്തു പട്ടി ചാവുംപോഴേ
നാട്ടുകാര്‍ സഹതപിക്കൂ എന്നന്നു മനസ്സിലായി.
പിന്നീട് പ്രേമത്തെ കുറിച്ചോ
പട്ടികളെ കുറിച്ചോ
ഒറ്റ വരി പോലും എഴുതിയിട്ടില്ല .
ആര്‍ക്കുമൊരു പ്രേമ കവിത എഴുതി
കയ്യോപ്പിട്ടോ ഇടാതെയോ
സമ്മാനിച്ചിട്ടുമില്ല.
പകരം
വളര്‍ത്താനും സ്നേഹിക്കാനും
കൊള്ളുന്ന പട്ടി കൂട്ടിലില്ലെന്ന്
വീട്ടു വാതില്‍ക്കല്‍ഒരു ബോര്‍ഡ് മാത്രം
എഴുതി വെച്ചു.

വാലന്റൈന്‍സ് ഡേ.

പ്രണയം കൊല്ലത്തിലൊരു ദിവസം മാത്രമുള്ള
വിരുന്നിനു വന്നു.
അന്നതിനോട് ഒപ്പം നടക്കാന്‍
പതിനാറു പേര്‍ എന്നെ കൂട്ടിനു വിളിച്ചു.
പതിനാറായി സ്വയം മുറിച്ചെടുക്കാന്‍
കഴിയുമോ  എന്നറിയാന്‍
കണ്ണാടിയില്‍ നോക്കി.
കാര്യം അറിഞ്ഞപ്പോള്‍ കണ്ണാടി ചിരിച്ചു .
എന്നെ പ്രണയിക്കൂ എന്ന് പറഞ്ഞു.
മടിച്ചു നിന്നപ്പോള്‍
എന്നെ പൊട്ടിച്ചോളൂ
പതിനായിരം കഷണങ്ങള്‍
കിട്ടുമെന്ന് പറഞ്ഞു.
മുന്നൂറ്റി അറുപത്തി നാലു ദിവസം പ്രണയിക്കാന്‍
പതിനായിരം കഷണങ്ങള്‍
കൂടുതല്‍ ആവുമെന്ന് തോന്നിയത് കൊണ്ട്
പൊട്ടാത്ത പ്രതിബിംബങ്ങളെ തന്നെ
പൊട്ടലുകള്‍ ഇല്ലാതെ പ്രണയിച്ചു.
പിന്നീടു പ്രണയം
വാലന്‍ന്റൈന്‍ മാരുടെ കൂടെ വന്നു
കാത്തിരിക്കാന്‍ ഒട്ടും ക്ഷമ കാണിക്കാതെ
പെട്ടെന്ന് വന്നു പെട്ടെന്ന് പോകാറുള്ളതും കണ്ടു നിന്നു.

വിഷു.

വേലിക്കരികില്‍
അഞ്ചാറ്  ചില്ലകള്‍
അഞ്ഞൂറ് വിരലുകള്‍ പോലെ
കൈത്തലം വിടര്‍ത്തുന്നു.
 
മണ്‍ നിറമുള്ള ഒരു
മെലിഞ്ഞ തണ്ട് ഭൂമിയെ നോക്കി
ഇലകളില്‍ പിടിച്ചു തൂങ്ങിയാടുന്നു.
ഒരു നൂറു മഞ്ഞ സൂര്യന്മാര്‍
കൈകോര്‍ത്തു പിടിച്ചു
തലങ്ങും വിലങ്ങും
തല കീഴായും കിടന്നു
കാറ്റിന്റെ
ഊഞ്ഞാലകളില്‍
കാല് കൊരുത്തു
മുന്നോട്ടും പിന്നോട്ടും ചാഞ്ചാടുന്നു .
കണി വെക്കാറായി.
കണ്ണനെയും കണി വെള്ളരിയെയും
നില വിളക്കുകളെയും
വെളുപ്പാന്‍ കാലത്തേ ഇരുട്ടിനെയും
ഉറങ്ങുന്ന കുഞ്ഞുങ്ങളെയും
തപ്പിയെടുക്കണം .
വാലന്‍ന്റൈന്‍ വെച്ച് മറന്ന
വീഞ്ഞ് പാത്രം മാത്രമേ കാണുന്നുള്ളൂ .

നന്മകള്‍

എത്ര നന്ദി പറഞ്ഞാല്‍ ആണിന്നു
മതിയാവുക?
ഓരോരോ രാത്രികള്‍ക്കും
ഓരോരോ പകലുകള്‍ക്കും
പിന്നവയുടെ ഇടയിലെ
വിടവുകളിലെ സന്ധ്യകള്‍ക്കും
വിടരുന്ന പുലരികള്‍ക്കും
എത്രയെത്ര സ്തുതികള്‍ പറഞ്ഞാല്‍ ആണിന്നു
മനസ്സ് തണുക്കുക?
എനിയ്ക്ക് മാത്രമായി
ഒരിളം കാറ്റിന്റെ കൈത്തലത്തില്‍
പൂവിതളിന്റെ ഹൃദയ ഗന്ധത്തില്‍
നിന്നടര്‍ത്തിയ രണ്ടു തരികള്‍.
മഞ്ഞു തുള്ളികള്‍ക്ക് മഴവില്ല് സമ്മാനിച്ച
സപ്ത നിറങ്ങളിലെ കൊച്ചു കണികകള്‍.
മൂടല്‍ മഞ്ഞു നെയ്തു തന്ന ശിരോവസ്ത്രം.
രാത്രി മഴ കൊണ്ട് വന്നു
പാദസാരമായി അണിയിച്ചു  തന്ന
വെള്ളിനൂല്‍ക്കംബികള്‍.
ചിപ്പികളും മുത്തുകളും.
തിരമാലകളുടെ പരവതാനികള്‍.
കടലിന്റെ ഹൃദയത്തിന്‍
അഗാധതയില്‍ നിന്നുപഹാരങ്ങള്‍.
ഞാന്‍ പറഞ്ഞ കഥ മുഴുവന്‍
കേട്ട് നിന്നൊരു ആകാശത്തിനും
ഞാന്‍ പാടിയ പാട്ടിനൊപ്പം
 താളം പിടിച്ച മുളംകാടിനും
പാര്‍ക്കാനിടം തന്ന
പച്ചച്ച മലമടക്കുകള്‍ക്കും
ചൂടാന്‍ തണല്‍ തന്ന
വേര് മൂടിയ ആല്‍മരങ്ങള്‍ക്കും
എത്ര തിരിച്ചു കൊടുത്താലാണ്
വാങ്ങി നിറച്ച കടങ്ങള്‍ തീരുക?
മടക്കാന്‍ ആവാത്ത കടങ്ങളുടെ ഭാരം
മാറാപ്പായി തോളിനെ ഞെരിക്കുമ്പോള്‍
ജീവിതം മാത്രം
പിടഞ്ഞാലും കരഞ്ഞാലും
വെറുതെ ചിരിച്ചു കൊണ്ടെഴുതി തള്ളാവുന്ന
വെറുമൊരു കടപ്പത്രം മാത്രമായി
പരുങ്ങി നില്‍ക്കുന്നു.
ബാക്കിയായി എണ്ണാവുന്നത്
ഭൂമിയുടെ നന്മകള്‍ മാത്രം.

 

മൈന..

ഒറ്റ മൈന വേപ്പിന്‍ കൊമ്പില്‍ ഇരുന്നു
കൊച്ചു ചിറകുകള്‍ കൊത്തി ചികഞ്ഞു.
ഉയര്‍ത്തിയും നിവര്‍ത്തിയും പരത്തിയും നോക്കി.
മൈനെ മൈനെ എന്നെന്നെ വിളിക്കുന്ന
മറ്റൊരു കാറ്റു കിളിയെ ഓര്‍ത്തു
ഞാനും എന്റെ ചിറകുകള്‍ കുടഞ്ഞു വിരിച്ചു.
ഏറെ നാള്‍ പറക്കാതിരുന്നു ചിറകില്‍ അടിഞ്ഞ പൊടി
കാറ്റിന്റെ കയ്യില്‍ അമ്മാനമാടി തുള്ളിക്കളിച്ചു
കാണാത്തിടത്തെക്ക് പറന്നു പോയി.
ചിറകിന്റെ വിജാഗിരികളില്‍ തുരുംബെടുത്തതിനാല്‍
ഉയരുമ്പോഴൊക്കെ ഒരു കരകര ശബ്ദം .
അതുകേട്ടു നിന്ന കല്‍ത്തൂണുകള്‍
പതുക്കെ പറഞ്ഞു.
എണ്ണയിട്ടു മിനുപ്പു കൂട്ടാന്‍
നേരമായിരിക്കുന്നു എന്ന്.
 

കവിത .

ബന്ധങ്ങളും ബന്ധനങ്ങളും അതിര് വലിച്ചു കെട്ടിയ.
സമചതുര കട്ടിലിന്റെ
ഇടത്തെ അറ്റമാണ് ഞാന്‍ വാസ സ്ഥാനമാക്കിയത്.
വാദിയ്ക്കാതെ പതിച്ചു കിട്ടിയ ഇത്തിരി സ്ഥലത്ത്
മുക്കാല്‍ ചന്തി ഉറപ്പിച്ചു ഞാന്‍ ഇരിക്കുമ്പോള്‍
രാത്രി പെരുത്ത് പെരുത്ത് കയറി വരും.
കവിതകള്‍ എന്റെ കൈ പിടിച്ചു വലിയ്ക്കും.
നിലത്തു ഇറങ്ങി വരൂ നമുക്ക് നടക്കാന്‍ പോകാം
എന്ന് കൊഞ്ചും.
അമാവസിയെയും പൌര്‍ണ്ണമിയേയും
അവയ്ക്കിടയില്‍ ഒന്ന് രണ്ടു വെള്ളി നക്ഷത്രങ്ങളെയും
കാട്ടിത്തരാമെന്നും പ്രലോഭിപ്പിയ്ക്കും.
ഇരുട്ടിനു വശ്യമായ നിറമുണ്ട് എന്നും
അത് ചിരിയ്ക്കുമ്പോള്‍
നിശബ്ദത തുളുമ്പും എന്നും
നിശബ്ദതകള്‍ക്ക് മദിപ്പിയ്ക്കുന്ന ലഹരിയുണ്ടെന്നും
വെറുതെ കള്ളം പറയും.
വാല് പൊക്കി ആകാശത്തെ നോക്കി
ഓലിയിടുന്ന നായ്ക്കളെയും
പതുങ്ങി നടന്നു ഇര പിടിയ്ക്കുന്ന
തീക്കണ്ണന്‍ കരിമ്പൂച്ചയെയും
മാളം വിട്ടു എണീറ്റ്‌ പുറത്തു വന്നു
കോട്ടുവായിടുന്ന പെരുച്ചാഴിയെയും
രാത്രി മാത്രം പെയ്തു തോരുന്ന
നനയ്ക്കാത്ത മഴകളെയും
വിളിച്ചടുപ്പിച്ചു അടുത്ത് നിര്‍ത്തി
പരിചയപ്പെടുത്താമെന്നു പറയും.
കൂട്ടിനു പോകാന്‍ ആളെ തേടിത്തേടി
കൂട്ടം പിരിഞ്ഞ ഞാന്‍ തിരിഞ്ഞിരിക്കും
കൂര്‍ക്കം വലിയ്ക്കുന്ന മുറിവുകളെ മാത്രം കാണും.
ഉണര്ത്തെന്ടെന്നു കരുതി മടിയോടെ
വിറപ്പിക്കുന്ന കൊടും  മഞ്ഞത്ത്
കമ്പിളി പുതപ്പിനടിയില്‍ ഇത്തിരി വിടവുണ്ടാക്കി
പുഴുവിനെപ്പോലെ ഞാനും ചുരുണ്ട് കൂടും.
വെളുക്കും മുമ്പ് ഉണര്‍ന്നെഴുന്നേറ്റു
മഞ്ഞു കയറി വരുന്ന കുഞ്ഞടുക്കളയില്‍
കലവും തവിയും കൊണ്ട്
കാവ്യരചന തുടങ്ങാനുള്ളതാണ്.

 

സത്യം .

നീ പേരെടുത്തു പുറകില്‍ നിന്ന് വിളിച്ചപ്പോള്‍
എന്‍റെ മനസ്സില്‍ ഒരു പൂമ്പാറ്റ
ചിറകടിച്ചു ഉയര്‍ന്നെന്നത് സത്യം.
ഒരു മഴവില്ലിനു നിറങ്ങള്‍
നല്‍കി ഞാന്‍ എന്നതും സത്യം.
പക്ഷെ
മനസ്സെന്ട മുടിക്കുത്തില്‍ പിടിച്ചു
പുറകോട്ടു വലിച്ചു വേദനിപ്പിച്ചു
കാതില്‍ മന്ത്രിച്ചതും സത്യം.
പൂംപാ റ്റയും  മഴവില്ലും
ക്ഷണിക സത്യങ്ങള്‍ ആണെന്ന
നിലനില്‍പ്പുള്ള മറ്റൊരു സത്യം.

ഇനി ഈ സത്യങ്ങളില്‍
ഏതിനെ ഞാന്‍ സ്വീകരിക്കും?
എതിനെ തിരസ്കരിയ്ക്കും?

മരുഭൂമി.

മണല്‍ക്കുന്നുകള്‍.
ഉറക്കം തൂങ്ങുന്ന ഒട്ടകം.
തൂങ്ങുന്ന മണല്‍ ചരിവുകള്‍.
തോന്നുമ്പോള്‍ കൂകി വിളിക്കുന്ന പൊടിക്കാറ്റ്.
കൂട്ടം കൂടുന്ന കള്ളി മുള്‍ചെടികള്‍.
കത്തി തിളച്ചൊരു സൂര്യന്‍.
ഇഴയുന്ന പാദങ്ങള്‍ക്ക് അടിയില്‍
കുഴിയുന്ന ഭൂമി.
നനവ്‌ മറന്ന വായു.
അതിരുകള്‍ അറിയാത്ത കാഴ്ച .
മേഘങ്ങള്‍ ഇല്ലാത്ത
പൊള്ള തോട് പോലെ ഒരാകാശം.

നീ.

നിനക്ക് തിരമാലകളുടെ സ്വഭാവമാണ്.
വരുമ്പോള്‍ ആവേശത്തോടെ വരും.
കക്കകളും മുത്തുചിപ്പികളും കൊണ്ടുവന്നു
കരയില്‍ തള്ളും.
പോവുമ്പോള്‍
വന്നപ്പോള്‍ പതിപ്പിച്ച കാല്‍പ്പാടുകള്‍
നിശബ്ദമായി മാച്ചിട്ടു പോവും.
പക്ഷെ വീണ്ടും
പഴയത് പോലെ തിരിച്ചു വരും.
പുതിയ ചിത്രങ്ങള്‍ മണലിലെഴുതും.
അപ്പോഴെല്ലാം
നിന്നിലുള്ള എന്‍റെ വിശ്വാസത്തിന്റെ വൈക്കോല്‍ തുരുമ്പ്
തിരമാലകള്‍ ഒരിക്കലും അവസാനിക്കില്ലെന്നതാണ്.

മിന്നാമിനുങ്ങുകള്‍.

കുറെ മിന്നാമിനുങ്ങുകള്‍ പറന്നു നടക്കുന്നുണ്ട്.
ഒരു റാന്തല്‍ വിളക്കിനോളം പോരില്ല.
പക്ഷെ എന്നിരുന്നാലും
ഇരിട്ടിന്റെ കട്ടി യുള്ള അഹങ്കാരത്തെ
ഇടയ്ക്കിടെ തുളക്കാന്‍ അവയ്ക്ക് ആവുന്നുണ്ട്‌
ഇനിയൊരു പുലരി വരുമെങ്കില്‍
കൊണ്ട് വന്നു ഉദിപ്പിക്കുന്നത്‌
ഒരു കനക സൂര്യനെയാവുമെങ്കില്‍
അത് വരെ ചത്തടിയാതെ
ഇവരില്‍ ആരെങ്കിലും
നില നില്‍ക്കുമെങ്കില്‍
സൂര്യനില്‍ നിന്നും വെട്ടമെടുത്തു
അവര്‍ക്കെല്ലാം നിറയെ കൊടുക്കണം.
വെളിച്ചത്തിന് വിലയിടാന്‍
ഇപ്പോള്‍ ഈ ഇരുട്ടിനു കഴിവില്ലായ്മയുണ്ട്.
അതുകൊണ്ടിപ്പോള്‍ നേരം വെളുക്കുവോളം
പരസ്പരം കഥ പറഞ്ഞിരിക്കാം .
പാട്ടുകള്‍ ചുണ്ടില്‍ കൊരുത്തു കൊടുക്കാം .
പക്ഷെ നാളെയൊരിക്കല്‍
പകരമായി
കളഞ്ഞു പോയ ഇരുട്ട് ചോദിക്കുമോ
എന്ന് മാത്രമാണിപ്പോള്‍ പേടി
 

കണ്ണന്‍.

ആദ്യമായി കാണാന്‍ ചെന്നപ്പോള്‍
പുത്തമ്പലത്തിലെ കണ്ണന്‍
ചുവന്നൊരു ആപ്പിളാണ്
പൂജാരിയുടെ കയ്യില്‍ക്കൂടെ
കാരുണ്യ വായ്പ്പായി എനിക്ക് തന്നത്.
അനുഗ്രഹത്തില്‍ സന്തോഷിച്ചു ഞെളിഞ്ഞു
ഞാന്‍ അന്നവിടെ മാര്‍ബിള്‍ പടികളിലെ
പ്രാവിന്‍ കാഷ്ടത്തിന് ഒപ്പമിരുന്നു
മനസ്സ് നിറച്ചു അതുണ്ടു.
പക്ഷെ പിന്നീടാണ് തെളിഞ്ഞത്
ഏദന്‍ തോട്ടത്തിലെ കനി തിന്നതിന്
ഹവ്വ കൊടുത്തതിനെക്കാള്‍ പെരുംവില
എന്റെ പറ്റിലും എഴുതിക്കഴിയപ്പെട്ടെന്ന്‍.
പിന്നീടും പൂവായും ലഡ്ഡുവായും
കല്‍ക്കണ്ടം ആയും മലരായും
പഴമായും ബൂന്തിയായും
അനുഗ്രഹങ്ങള്‍ എന്നെ തേടി വരാറുണ്ട്.
കൈക്കുടന്നയില്‍ വങ്ങുംപോഴും
കണ്ണടച്ച് വിഴുങ്ങുമ്പോഴും
ചോദ്യമൊന്നു മനസ്സില്‍ തിരിച്ചു ചോദിക്കും.
അടുത്ത പരീക്ഷ എന്ത് ,എവിടെ ,എങ്ങനെ,എപ്പോള്‍,?
 

മകള്‍.

ഞാന്‍ എട്ടു വയസ്സുകാരിയുടെ
ഒപ്പം നടന്നു.
അവളെന്നെ അടിമുടി നോക്കി
പുച്ഛത്തോടെ മൊഴിഞ്ഞു.
'നീ ഇന്നൊട്ടും സുന്ദരിയല്ല.
ഉടുപ്പിന്റെയും പാവാടയുടെയും
നിറങ്ങള്‍ തമ്മില്‍ യോജിക്കുന്നില്ല.
തല മറക്കുന്ന തുണി പാടെ ചുളിഞ്ഞത് .
മുടി പറന്നു ഭ്രാന്തിയെപ്പോലെ.
മുഖത്തൊരു പൊട്ടില്ല
കാതിലോ കമ്മലും ഇല്ല.
ഞാന്‍ ഇനി നിന്നോടൊപ്പം നടക്കില്ല.
നീ എന്റെ അമ്മയുമല്ല.
നീ കണ്ണാടി നോക്കാത്തവള്‍.'
അവള്‍ അകന്നു നടന്നു.
അല്‍പ്പം നേരം അവള്‍ മുമ്പില്‍
അപ്പോഴൊക്കെ ഞാന്‍ പുറകില്‍.
പെട്ടെന്നൊരു പട്ടി പാഞ്ഞുവന്നു.
അപ്പോഴവള്‍ തിരിഞ്ഞു നിന്നു ചിരിച്ചു.
പട്ടിയെ നോക്കി.പിന്നെ എന്നെയും
സ്നേഹത്തോടെ പറഞ്ഞു.
'ഞാന്‍ വീണ്ടും നിന്റെ മകളാകാന്‍ തീരുമാനിച്ചു.'
ഞാന്‍ അവളോട്‌ പറഞ്ഞു.
'നീ എന്റെ എന്തുമാകൂ.
അമ്മയോ അമ്മൂമ്മയോ മകളോ
അച്ഛനോ ആങ്ങളയോ മകനോ കൂട്ടുകാരനോ
എന്തും'
അവള്‍ കൈ നീട്ടി എന്റെ കൈക്ക് പിടിച്ചു .
പിന്നെ അവളെന്നെ നടത്തിച്ചു .
പിന്നീടൊരിക്കലും ഞാന്‍ ഒറ്റയ്ക്ക് നടന്നിട്ടില്ല.
 

പ്രതികരണം

ബോംബു പൊട്ടി മുപ്പതുപേര്‍ മരിച്ചു.
റഷ്യയില്‍ ആയിരുന്നു.
എന്റെ വീട്ടിനടുത്തല്ല.
നാട്ടിലുമല്ല.
അത് കൊണ്ട് ഞാന്‍ ഒന്നും മിണ്ടാനും പോയില്ല.

എന്റെ വീട്ടിലെ കുഞ്ഞിനെ
ഒരു തേനീച്ച കുത്തി.
ഞാന്‍ തേനീച്ചയെ  പിടിച്ചു അടിച്ചു ചതച്ചു കൊന്നു.
അടുത്തുള്ള സകല കട്ടിലും മേട്ടിലും
പതുങ്ങിയും പതുങ്ങാതെയും ഇരുന്ന
തേനീച്ച കൂടുകളെ മുഴുവന്‍ കത്തിച്ചു.
തെനീച്ചയെപ്പോലെയിരുന്ന മറ്റു ഈച്ച കളെയും
തകര്‍ത്തു താണ്ടവം നടത്തി.
തെനീച്ചക്ക് കൂടുണ്ടാക്കാന്‍ ചില്ല കൊടുത്ത
വന്‍ മരങ്ങളെ വെട്ടി മാറ്റി ചുട്ടു കരിച്ചു.
കാടു പുകച്ചു .
എലികളും മുയലുകളും മാത്രം കുറെ ചത്തു.
 

ഈയം പാറ്റകള്‍.

രാത്രി മഴ കഴിഞ്ഞപ്പോള്‍
ഈയം പാറ്റകള്‍ പറന്നു പൊങ്ങുന്നത് കണ്ട ഒരമ്മ
ജന്നലുകളും വാതിലുകലുമടച്ചു.
ടുബുലൈറ്റുകള്‍ അണച്ചു.
മക്കളെ ഇരിട്ടില്‍ കിടത്തി
ഇരുട്ടത്തിരുന്നു .
ഈയം പാറ്റകള്‍ വാതില്‍ തുറപ്പിക്കാന്‍
മുട്ടി വിളിക്കാനൊന്നും
മിനക്കെടാതെ
ഇരുട്ടില്‍ തന്നെ പറന്നു നടന്നു
രാത്രി കഴിച്ചു കൂട്ടി.
അമ്മ മക്കളെയോര്‍ത്തു രാത്രി മുഴുവന്‍
ഉറങ്ങാതിരുന്നു.
നേരം വെളുത്തപ്പോള്‍
നനഞ്ഞ മണ്ണില്‍ ചിറകുകള്‍ അറ്റു കിടന്നു.
പുഴുക്കളായി മാറിയ പാറ്റകള്‍ എല്ലാം
ഇണ ചേരാന്‍ പണ്ടേ പോയി.
ഇണ ചേരാന്‍ കൂട്ടും ഇടയും കിട്ടാഞ്ഞവ
ചത്തു മലര്‍ന്നും പോയി.
പിന്നീടു ഏറെനാള്‍ കഴിഞ്ഞു മറ്റൊരു രാത്രി മഴയില്‍
മക്കളും ഈയം പാറ്റകളായി പൊങ്ങി .
അമ്മയെ മറന്നു.
അമ്മ അപ്പോഴാകട്ടെ വിളക്കു കത്തിച്ചു
രാത്രി മുഴുവന്‍ ഉണര്‍ന്നിരുന്നു.

കൃഷ്ണഗാഥ.

കൃഷ്ണഗാഥ.
അമ്പലത്തില്‍ താമസിക്കുന്ന
കൃഷ്ണനടുത്തു
ഞാന്‍ ഇടയ്ക്കിടെ പോവാറുണ്ട്.
കയ്യിലെ ഓടക്കുഴലും ചുണ്ടോടു ചേര്‍ത്ത്
രാധയോടൊപ്പം നിന്നു
ദൈവം എന്നെ നോക്കും.
ഞാന്‍ തറയില്‍ വിരിച്ച മണ്ണ് പുരണ്ട
പരവതാനിയില്‍ ഇരിക്കും.
തല നിലത്തു  വെക്കും.
യാചിക്കാന്‍ കൈകള്‍ നീട്ടും.
ദൈവം അപ്പോഴും നോക്കും.
നോട്ടം എന്റെ നെറുകക്ക് മുകളിലൂടെ കടന്നു
വാതിലിനുമപ്പുറം ഉള്ള
മാര്‍ബിള്‍ ഭിത്തികളില്‍ പതിയും.
ഞാന്‍ ചോദിയ്ക്കാന്‍ ചെന്ന കാര്യങ്ങള്‍ മറക്കും.
ആ നോട്ടത്തിന്റെയും
ചുണ്ടില്‍ ഒളിപ്പിച്ച കള്ളചിരിയുടെയും
അര്‍ഥം എന്താവും എന്നോര്‍ക്കും.
രാധയെ മുഖം ചെരിച്ചു നോക്കും.
എന്റെ കണ്ണിലെ സംശയം കണ്ടു
രാധ ചിരിക്കും.
രാധയ്ക്കും ഇതുവരെ
ഉത്തരം അറിയില്ലായിരിക്കും

ഭാരതം .

നഗരം പടര്‍ന്നു പിടിക്കുന്നു.
ഗ്രാമങ്ങള്‍ ചുരുണ്ട് വരുന്നു.
കൃഷി ഇടങ്ങളില്‍  ബഹുനില കെട്ടിടക്കൃഷി.
അവ വളമില്ലതെയും തഴച്ചു വളരുന്നു.
ധാന്യങ്ങള്‍ പേര് മറന്നു തുടങ്ങി
പാല്
എരുമകളുടെയും പശുക്കളുടെയും
 അകിട്ടില്‍ നിന്ന്
ടിന്നുകളിലേക്ക് കടന്നിരിക്കുന്നു. .
കാറുകള്‍.
മൂന്നുലക്ഷം മുതല്‍ മുപ്പതു ലക്ഷം വരെ വില.
എ സി യും പതുപതുത്ത സീറ്റും
പാട്ടു പെട്ടിയും ഉള്ള
ഒഴുകി നീങ്ങുന്ന കൊച്ചു കൊട്ടാരങ്ങള്‍.
കുലുക്കാതെ കുനിക്കാതെ
ഉള്ളിലിരിക്കാനും ഉള്ളിലിരുപ്പുകള്‍ക്കും
സുഖം പകരുന്ന ഗൃഹങ്ങള്‍.
റോഡുകള്‍.
വഴിവക്കിലെ കടക്കാര്‍ കരണ്ട് എടുത്ത വീതി.
ടാര്‍  മറന്ന നിറം.
പണിഞ്ഞവന്റെ കള്ളത്തരം കൊണ്ട്
തൊലിയടര്‍ന്ന അകാല വാര്‍ധക്യം .
എല്ലും പല്ലും പോലെ
കരിങ്കല്‍  ചീളുകള്‍ അവിടെയും ഇവിടെയും പൊന്തി
കുഴിയും കുന്നും ഒന്നിട വിട്ടു നിരക്കുന്ന
പൊടി പറത്തുന്ന ആത്മ സങ്കടങ്ങള്‍.
കാല്‍നട യാത്രക്കാര്‍ ഇല്ലാത്തൊരു പട്ടണം .
സമ്പന്ന രാജ്യത്തിന്‍റെ നെറ്റിയിലെ ചുട്ടി.
പെട്രോളിനും തീയേയും പൊള്ളിക്കുന്ന വില.
തെണ്ടികള്‍ കാറുകളുടെ ജാലകങ്ങളില്‍ മുട്ടിവിളിക്കുന്നു.
പുരോഗമനം നാടിന്‍റെ പടി വാതില്‍ക്കലും.
അന്താരാഷ്ട്ര കംപനിക്കെട്ടിടങ്ങളുടെ
പാരപ്പെറ്റില്‍  കയറി ഇരിക്കാന്‍
പ്രാവുകള്‍ക്ക് മാത്രം തടസ്സമില്ല.
പാവങ്ങള്‍ ഇന്നും തറയില്‍ തന്നെ.
എങ്കിലും അവര്‍ക്ക് ഉണങ്ങിയ ചപ്പാത്തിയും
കയ്യില്‍ തഴമ്പിന്റെ അടയാളവും ഉണ്ടല്ലോ.
 

പെണ്‍ഭ്രൂണ ഹത്യ

ആറാമത്തെ ആണ്‍കുട്ടിക്ക് വേണ്ടി
അവള്‍ പിന്നെയും ഗര്‍ഭം പേറി.
ഗര്‍ഭം കലക്കിയും അവള്‍ക്കു കൂട്ട് നിന്നു.
കലങ്ങാഞ്ഞ ഗര്‍ഭങ്ങളിലെ മൂന്നു പെണ്‍കുട്ടികള്‍
കാവല്‍ക്കാരെ പോലെ
മിണ്ടാതെ
അവള്‍ക്കു ചുറ്റിലും നോക്കി നിന്നു.
മരിച്ച പെണ്‍കുഞ്ഞുങ്ങളുടെ ശാപം
തലയില്‍ വീണത്‌ അറിയാതെ
ഗര്‍ഭം കലക്കി പിതാവായി
മുന്നില്‍ ഞെളിഞ്ഞു നടന്നു.
അഞ്ചു
പെണ്‍ഭ്രൂണങ്ങളെ കൊന്ന പാപം
അമ്മയുടെ ഹൃദയത്തില്‍ പിടഞ്ഞു.
ഗര്‍ഭ പാത്രവും പ്രതിഷേധിച്ചു.
ആറാമത്തെ ആണ്കുഞ്ഞു
കൊല്ലപ്പെടാതെ തന്നെ
രക്തമായി പിറന്നു.

ജീവിതം.

വഴികളില്‍ വീണു മറയുന്ന നിഴലുകള്‍ പോലെ
മഴ കൊണ്ടെഴുതുന്ന വാക്കുകള്‍.
പുഴയുടെ കരളില്‍ ഇറങ്ങാതെ മറയുന്ന
അലകളില്‍ എഴുതിയ ചിത്രങ്ങള്‍.
തിരി നാളങ്ങളില്‍ കൊതി പറ്റി കരിയുന്ന
പിടയുന്ന പ്രാണി പോല്‍ സ്വപ്നങ്ങള്‍.
വെറുതെ ഒരു തോണി.
ഒഴുകുന്ന നദിയുടെ അറിയാത്ത കടവുകള്‍.
ലക്ഷ്യങ്ങള്‍ ഇല്ലാത്ത തുഴച്ചിലുകള്‍. 
ബാക്കിയാവുന്ന കണ്ണീര്‍ കടലുകള്‍
ഭാഗം വെച്ചെടുക്കാന്‍ എത്താത്ത ചോദ്യോത്തരങ്ങള്‍.
സ്നേഹമെന്നൊരു പ്രഹേളിക.
മോഹമെന്ന കുറെ മൌധ്യങ്ങള്‍ .
കാത്തിരിപ്പുകളുടെ ചങ്ങലകള്‍.
ഇര പിടിക്കുവാന്‍ കാലം എറിയുന്ന
കൊളുത്തുകള്‍.
ചൂണ്ടയില്‍ കുടുങ്ങിയ മത്സ്യം.
ഒടുക്കം
നോവുകളുടെ ഇരുട്ടില്‍
കഥയുടെ അവസാനം.

 

ഹരിയാനയിലെ കഴുകന്‍.

മെലിഞ്ഞ പണക്കാരന്‍ പയ്യന്‍
വണ്ടിയിലിരുന്നു
ജീന്‍സില്‍ പറ്റിയ മണ്ണ് പൊടി തുടയ്ക്കുന്നു.
സീറ്റില്‍ കൂനിക്കൂടിയിരിക്കുന്ന
ബീഹാരികളായ
കൂലി വേലക്കാരുടെ തുണിയില്‍ നിന്നും
തൂമ്പയില്‍ നിന്നും
മണ്ണ് ഇറ്റു വീഴുന്നു..
ഞാന്‍ വണ്ടിയില്‍ക്കയറി.
പയ്യന്റെ കൂര്‍ത്ത കണ്ണുകള്‍ എന്റെ കംബിളിക്കുപ്പായത്തിന്റെ
നൂലുകള്‍ക്കിടയിലെ വിള്ളലുകളും മാറി കടന്നു
മാംസം നക്കിയെടുക്കുന്നു.
ദേഹത്തിന്റെ സാദ്ധ്യതകള്‍ തിരയുന്നു.
ഭൂമിയെ  വെട്ടി ജീവിക്കുന്നവരുടെ മുമ്പില്‍
അന്തസ്സോടെ ഞെളിഞ്ഞിരിക്കുന്ന
ഭൂമി വിറ്റ പണം കൊണ്ട് ജന്മിയായവന്റെ ചെവിയില്‍
ഐപോടില്‍ നിന്നുമൊഴുകുന്ന സംഗീതം
അവന്റെ തലയും കാലും
ഒരേ താളം പിടിയ്ക്കുന്നു.

രണ്ടു കുമാരിമാര്‍ പിന്‍ഭാഗം കുലുക്കി
നടന്നു പോകുന്നു
നീങ്ങുന്ന വണ്ടിയില്‍  നിന്നും അവന്റെ കഴുകന്‍ കണ്ണുകള്‍
പുറത്തേയ്ക്ക് പറക്കുന്നു.
നീളമുള്ള ചുവന്ന മുടി പെണ്‍കുട്ടികളുടെ
മുഖങ്ങളെ മറയ്ക്കുന്നു.
കഴുകന്‍ തല തിരിച്ചു നോക്കുമ്പോള്‍
അവന്റെ കഴുത്തിന്‌
നീളം കൂടിക്കൊണ്ടെയിരിക്കുന്നു.
എന്റെ മനസ്സ് പതിയെ പറയുന്നു.
"പാവം.ശക്തിയില്ലാത്തൊരു കഴുകന്‍!"

തടവുകാരന്‍.



വെറുതെ എന്തെല്ലാമോ കാണുന്നു.
പക്ഷെ കാഴ്ചകള്‍ക്ക് അപ്പുറത്തും ഇപ്പുറത്തും
ആണ് ലോകങ്ങള്‍..
കാലിലെയും കഴുത്തിലെയും
ചങ്ങലകള്‍ വലിയുന്നു.
അവയ്ക്ക് ഈയിടെയായിട്ട്
ഭാരം കൂടിയിട്ടുണ്ടോ?
ചങ്ങലകള്‍ക്കും തഴമ്പുകള്‍ .
അവയും മോചനം പ്രതീക്ഷിക്കുന്നുണ്ടാവാം .
അവയുടെ കിലുക്കങ്ങളിലും
ഇടര്‍ച്ചകള്‍ ഞാന്‍ കേള്‍ക്കാന്‍ തുടങ്ങി.
ഈ കമ്പിയഴികള്‍ക്ക് അപ്പുറത്ത്
എന്നും സൂര്യന്‍ ഉടിക്കുന്നുന്ദ്.
എനിക്കത് കാണാം
സൂര്യനും ചന്ദ്രനും സമയം തെറ്റിക്കുന്നവരല്ല.
എന്റെ സമയത്തിന്റെ ഒറ്റപ്പെടലിനാണ്
നീളം കൂടുതല്‍.
കാത്തിരിപ്പുകള്‍ക്ക് ആണ് അറ്റങ്ങള്‍ ഇല്ലാത്തത്
പകലുകളും രാത്രികളും
പതിവുപോലെ അവസാനിയ്ക്കാറുണ്ട്.
ഉറക്കങ്ങളും ഉണര്‍ച്ചകളും തമ്മില്‍  വേര്‍തിരിവ് 
അറിയാന്‍ പറ്റാത്ത അവസ്ഥകള്‍.
മൂടല്‍ മഞ്ഞിന്റെ മുഖ ഭാവം പേറുന്ന
വഴി തെറ്റി അലയുന്ന ചിന്തകള്‍.
നാലു ചുവരുകള്‍ക്കുള്ളില്‍ അമര്‍ന്നു പോയ
ഭൂത വര്‍ത്തമാന ഭാവികാലങ്ങള്‍.
തമ്മില്‍ പിണഞ്ഞു കട്ട കെട്ടിയ
 പൊടി പുരണ്ട നൂല്ക്കെട്ടുകള്‍ പോലെ
ഓര്‍മ്മകള്‍, മറവികള്‍.
സമയം ചില നേരങ്ങളില്‍
മഞ്ഞുകട്ട പോലെ ഉറഞ്ഞും
ചിലപ്പോള്‍ ചിലന്തിവല പോലെ
മൂലകളില്‍ പറ്റിപ്പിടിച്ചും
അനക്കമില്ലത്തതാവുന്നു .
തടവറയുടെ തലക്കനം മാത്രം ബാക്കി.

മനസ്സ്‌.

പെട്ടെന്ന് പൊട്ടിച്ചിരിക്കുകയും
അതിലും പെട്ടെന്ന് വിതുമ്പി കരയുകയും
ഇടയ്ക്കിടെ വിറച്ചു നില്‍ക്കുകയും
വിറപ്പിക്കുമ്പോള്‍ ഞെട്ടുകയും ചെയ്യുന്ന
കുഞ്ഞനൊരു മനസ്സാണ്
കയ്യില്‍ കിട്ടിയത്.
അതുമെടുത്ത് നടന്നു.
വഴിയില്‍ക്കണ്ടവര്‍ പലതും പറഞ്ഞു.
ചിരിച്ചു കൊണ്ട് കരയിച്ചു.
പേടി തന്നു വിറപ്പിച്ചു .
പ്രണയം തന്നു പിടപ്പിച്ചു
അപ്പുറത്ത് നിന്നും കുത്തിയപ്പോള്‍
ഇപ്പുറത്തെക്ക് ഒഴിഞ്ഞു മാറി.
ഇപ്പുറത്ത് നിന്നും തട്ടിയപ്പോള്‍
അപ്പുറത്തെക്ക് ഉരുണ്ടു വീണു .
ഉരുള്‍ച്ചകളില്‍ ഉറച്ചുറച്ച്
അവസാനമൊരു പന്തുമായി .
പ്രതലങ്ങളില്‍ അടിഞ്ഞ ചെളിയുറഞ്ഞു
കട്ടിയുള്ളൊരു തോടും കിട്ടി.
പക്ഷെ എന്നിട്ടും,
കത്തി വെച്ചു കുത്തുമ്പോഴെല്ലാം
പഴം പോലെയാണ് മുറിയുന്നത്‌.
മുറിവുകളുടെ വിടവിലൂടെ പുകയ്ക്കു പകരം
രക്തമാണ് കിനിയുന്നത്.
 

പ്രലോഭനം

പ്രണയവും ചോദിച്ചു കൊണ്ട്
പടിപ്പുര വാതിലുകളില്‍ വന്നു മുട്ടുന്ന
ഈറന്‍ കാറ്റുകളെ വിശ്വസിക്കരുത്.
ദുഖങ്ങളില്‍ നിന്നും ദുഖങ്ങളിലേക്ക്
സന്തോഷങ്ങളുടെ നൂല്‍പ്പാലം കെട്ടുന്ന
കണ്കെട്ടു വിദ്യക്കാര്‍ ആണവര്‍.
മതിലരികുകളിലെ പനിനീര്‍ പൂക്കളെ
അവര്‍ തല്ലിക്കൊഴിയ്ക്കും.
മുല്ലകളുടെ വെളുത്ത കനവുകള്‍
കനിവില്ലാതെ കവരും .
തുളസികളുടെ തെളിഞ്ഞ പച്ചപ്പില്‍
പഴയ പോടീ വാരി നിറയ്ക്കും.
മേലെക്കൊമ്പുകളില്‍ കുണുങ്ങി ആടുന്ന
പകുതി പഴുത്ത മൂവാണ്ടന്‍ മാങ്ങകള്‍
കാല് കൊണ്ട് തട്ടി താഴെ വീഴിയ്ക്കും.
പോകുമ്പോള്‍,
പൂമുഖത്തിന്റെ ഹൃദയത്തെയും
മുറ്റത്തിന്റെ സ്വപ്നമായ
ഇളവെയില്‍ കീറുകളെയും
തൂത്തു വാരി കൊണ്ടുപോകും.
പിന്നീടു ,
ആളൊഴിഞ്ഞ അനക്കമില്ലാത്ത വരാന്തയിലെ
പഴയ ചാര് കസേര മാത്രം
നനച്ചു വെളുപ്പിക്കാത്ത മുണ്ടുടുത്ത്
വെറുതെ ഓരോന്നോര്‍ത്തും
പിന്നെ മറ്റു പലതും മറന്നും
വാര്‍ധക്യം പോലെ നില നില്‍ക്കും.

 

കൂട്ട് .

ഓരോരോ കാലങ്ങളില്‍
ഓരോരോ കാലുകള്‍
ഓരോരോ മുഖങ്ങളുടെ പിന്നാലെ
ഒരേ വഴി നടക്കും.
പിന്നീട്
കാല മാറ്റങ്ങള്‍ ക്കനുസരിച്ച്
റിതുക്കളുടെയും
അവക്കിടയിലെ മൌനങ്ങളുടെയും
തോന്നലുകല്‍ക്കനുസരിച്ചു
കൈവഴികള്‍ പിരിയും മുമ്പോ
പിരിയുന്നിടത്തോ
പിരിഞ്ഞു കഴിഞ്ഞോ
അതാതിന്‍റെ തരം പോലെ
അവ വേറിട്ടും നടക്കും .
അപ്പോള്‍ മുമ്പേ നടന്ന മുഖങ്ങള്‍
ഒറ്റയ്ക്കാകും .
തിരിഞ്ഞു നോക്കാത്തവ
കരയുകയില്ല
തിരിഞ്ഞു നോക്കുന്നവ
കരയുകയോ
വഴിയിലിരിക്കുകയോ ചെയ്യും .

ആഗ്രഹം .

യാത്ര പോകണമെന്ന് എനിക്ക് ഇടക്കൊരാഗ്രഹം .
അതിനായി
വണ്ടികളൊന്നും വന്നുപോകാത്തൊരു വഴി വക്കില്‍
ജട കെട്ടിയ മുടിയുള്ള വേരിറങ്ങിയ താടിയുള്ള
വൃദ്ധനും ഉറച്ചുപോയവനുമായ
പഴഞ്ചന്‍ ആല്‍മരത്തോടൊപ്പം
വളരെ നാളായി ഞാന്‍ കാത്തു  നില്‍ക്കുന്നു.
മരത്തിന്റെ കനിവില്‍ കാലു തളരുമ്പോള്‍
ചാരാന്‍ തടിയും ഇരിക്കാന്‍ ചുവടുമുണ്ട് .
പകല്‍ തത്തകള്‍ക്കും രാത്രി വാവലുകള്‍ക്കും
വീടുകൂട്ടുന്ന സ്നേഹവുമുണ്ട് .
കാറ്റുകള്‍ യാത്ര പോയി മടങ്ങും വഴി
ഇതിലെ കടന്നു പോകും.
ഇലകള്‍ക്ക് യാത്ര വിശേഷങ്ങള്‍
ചെവി നിറച്ച് ഒതിക്കൊടുക്കും
മലമടക്കുകളിലും കടല്ക്കരകളിലും കണ്ട കാഴ്ചകള്‍.
മരുഭൂമികളിലും കരിങ്കാടുകളിലും കേട്ട പാട്ടുകള്‍.
കഥകളിലെ പല കഥയില്ലായ്മകള്‍ .
കാഴ്ചകളിലെ ജരാ നരകള്‍.
ഞാനും കേള്‍ക്കും.
കേട്ട് കേട്ട് ചെവികള്‍ കുഴിയുമ്പോള്‍
എന്റെ കണ്ണുകള്‍
കടന്നു വന്നു നടന്നു മറയുന്ന
വഴിയുടെ തുടക്കത്തിലേക്ക് നീളും.
വണ്ടിയിനി ,എന്ന് ,എപ്പോഴാവും വരിക?

 

പാട്ടു ക്ലാസ്സ്‌ .


 തംബുരു കറന്റിനെ കരളിലേക്ക്
നിശ്വസമായ് വലിച്ചു കയറ്റി
ശ്രുതി തെറ്റിക്കാതെ താളം സങ്കല്പിച്ചു
എന്തോ പാടിക്കൊണ്ടിരുന്നു.
ജനല്‍പ്പാളികള്‍ക്കപ്പുറം
വേപ്പുമരത്തിന്റെ കൂട്ടം കൂടി നിന്ന കുഞ്ഞിലകള്‍
കൂട്ടായ്മയോടെ ആ പാട്ടു കേട്ട് നിന്നു.
കാറ്റു വെളുപ്പിന് ഉണരാന്‍ മറന്നു പോയത് കൊണ്ട്
താളമിടാന്‍ അവര്‍ക്ക് ആളില്ലായിരുന്നു.
മനസ്സിന്നുള്ളില്‍ ഒരു കൊച്ചു പൂമരം
കീറിയ കുറെ ഇലകളുമായി
കാറ്റു വരാറില്ലാത്ത
 
വഴിവക്കില്‍
കാലം പോലെ കാത്തു നിന്നു.
ഗുരുവിന്റെയും ശിഷ്യയുടെയും വായ്പ്പാട്ട് കേട്ട്
തല കുലുക്കിക്കൊണ്ടിരുന്നു.
.പുഴുക്കള്‍ കീറിയ ഇലകളിലെ
തുളകളെ തുന്നിചേര്‍ക്കാന്‍
കാറ്റു ഉണര്‍ന്നു എണീക്കുമ്പോള്‍
വരുമെന്ന തോന്നലുമായി
വേപ്പിലക്കുഞ്ഞുങ്ങള്‍ക്കൊപ്പം 
ഞാനും പാട്ട് കേട്ടിരുന്നു.