Monday, February 14, 2011

കവിത .

ബന്ധങ്ങളും ബന്ധനങ്ങളും അതിര് വലിച്ചു കെട്ടിയ.
സമചതുര കട്ടിലിന്റെ
ഇടത്തെ അറ്റമാണ് ഞാന്‍ വാസ സ്ഥാനമാക്കിയത്.
വാദിയ്ക്കാതെ പതിച്ചു കിട്ടിയ ഇത്തിരി സ്ഥലത്ത്
മുക്കാല്‍ ചന്തി ഉറപ്പിച്ചു ഞാന്‍ ഇരിക്കുമ്പോള്‍
രാത്രി പെരുത്ത് പെരുത്ത് കയറി വരും.
കവിതകള്‍ എന്റെ കൈ പിടിച്ചു വലിയ്ക്കും.
നിലത്തു ഇറങ്ങി വരൂ നമുക്ക് നടക്കാന്‍ പോകാം
എന്ന് കൊഞ്ചും.
അമാവസിയെയും പൌര്‍ണ്ണമിയേയും
അവയ്ക്കിടയില്‍ ഒന്ന് രണ്ടു വെള്ളി നക്ഷത്രങ്ങളെയും
കാട്ടിത്തരാമെന്നും പ്രലോഭിപ്പിയ്ക്കും.
ഇരുട്ടിനു വശ്യമായ നിറമുണ്ട് എന്നും
അത് ചിരിയ്ക്കുമ്പോള്‍
നിശബ്ദത തുളുമ്പും എന്നും
നിശബ്ദതകള്‍ക്ക് മദിപ്പിയ്ക്കുന്ന ലഹരിയുണ്ടെന്നും
വെറുതെ കള്ളം പറയും.
വാല് പൊക്കി ആകാശത്തെ നോക്കി
ഓലിയിടുന്ന നായ്ക്കളെയും
പതുങ്ങി നടന്നു ഇര പിടിയ്ക്കുന്ന
തീക്കണ്ണന്‍ കരിമ്പൂച്ചയെയും
മാളം വിട്ടു എണീറ്റ്‌ പുറത്തു വന്നു
കോട്ടുവായിടുന്ന പെരുച്ചാഴിയെയും
രാത്രി മാത്രം പെയ്തു തോരുന്ന
നനയ്ക്കാത്ത മഴകളെയും
വിളിച്ചടുപ്പിച്ചു അടുത്ത് നിര്‍ത്തി
പരിചയപ്പെടുത്താമെന്നു പറയും.
കൂട്ടിനു പോകാന്‍ ആളെ തേടിത്തേടി
കൂട്ടം പിരിഞ്ഞ ഞാന്‍ തിരിഞ്ഞിരിക്കും
കൂര്‍ക്കം വലിയ്ക്കുന്ന മുറിവുകളെ മാത്രം കാണും.
ഉണര്ത്തെന്ടെന്നു കരുതി മടിയോടെ
വിറപ്പിക്കുന്ന കൊടും  മഞ്ഞത്ത്
കമ്പിളി പുതപ്പിനടിയില്‍ ഇത്തിരി വിടവുണ്ടാക്കി
പുഴുവിനെപ്പോലെ ഞാനും ചുരുണ്ട് കൂടും.
വെളുക്കും മുമ്പ് ഉണര്‍ന്നെഴുന്നേറ്റു
മഞ്ഞു കയറി വരുന്ന കുഞ്ഞടുക്കളയില്‍
കലവും തവിയും കൊണ്ട്
കാവ്യരചന തുടങ്ങാനുള്ളതാണ്.

 

No comments:

Post a Comment