Monday, February 14, 2011

നന്മകള്‍

എത്ര നന്ദി പറഞ്ഞാല്‍ ആണിന്നു
മതിയാവുക?
ഓരോരോ രാത്രികള്‍ക്കും
ഓരോരോ പകലുകള്‍ക്കും
പിന്നവയുടെ ഇടയിലെ
വിടവുകളിലെ സന്ധ്യകള്‍ക്കും
വിടരുന്ന പുലരികള്‍ക്കും
എത്രയെത്ര സ്തുതികള്‍ പറഞ്ഞാല്‍ ആണിന്നു
മനസ്സ് തണുക്കുക?
എനിയ്ക്ക് മാത്രമായി
ഒരിളം കാറ്റിന്റെ കൈത്തലത്തില്‍
പൂവിതളിന്റെ ഹൃദയ ഗന്ധത്തില്‍
നിന്നടര്‍ത്തിയ രണ്ടു തരികള്‍.
മഞ്ഞു തുള്ളികള്‍ക്ക് മഴവില്ല് സമ്മാനിച്ച
സപ്ത നിറങ്ങളിലെ കൊച്ചു കണികകള്‍.
മൂടല്‍ മഞ്ഞു നെയ്തു തന്ന ശിരോവസ്ത്രം.
രാത്രി മഴ കൊണ്ട് വന്നു
പാദസാരമായി അണിയിച്ചു  തന്ന
വെള്ളിനൂല്‍ക്കംബികള്‍.
ചിപ്പികളും മുത്തുകളും.
തിരമാലകളുടെ പരവതാനികള്‍.
കടലിന്റെ ഹൃദയത്തിന്‍
അഗാധതയില്‍ നിന്നുപഹാരങ്ങള്‍.
ഞാന്‍ പറഞ്ഞ കഥ മുഴുവന്‍
കേട്ട് നിന്നൊരു ആകാശത്തിനും
ഞാന്‍ പാടിയ പാട്ടിനൊപ്പം
 താളം പിടിച്ച മുളംകാടിനും
പാര്‍ക്കാനിടം തന്ന
പച്ചച്ച മലമടക്കുകള്‍ക്കും
ചൂടാന്‍ തണല്‍ തന്ന
വേര് മൂടിയ ആല്‍മരങ്ങള്‍ക്കും
എത്ര തിരിച്ചു കൊടുത്താലാണ്
വാങ്ങി നിറച്ച കടങ്ങള്‍ തീരുക?
മടക്കാന്‍ ആവാത്ത കടങ്ങളുടെ ഭാരം
മാറാപ്പായി തോളിനെ ഞെരിക്കുമ്പോള്‍
ജീവിതം മാത്രം
പിടഞ്ഞാലും കരഞ്ഞാലും
വെറുതെ ചിരിച്ചു കൊണ്ടെഴുതി തള്ളാവുന്ന
വെറുമൊരു കടപ്പത്രം മാത്രമായി
പരുങ്ങി നില്‍ക്കുന്നു.
ബാക്കിയായി എണ്ണാവുന്നത്
ഭൂമിയുടെ നന്മകള്‍ മാത്രം.

 

No comments:

Post a Comment