Monday, February 14, 2011

മനസ്സ്‌.

പെട്ടെന്ന് പൊട്ടിച്ചിരിക്കുകയും
അതിലും പെട്ടെന്ന് വിതുമ്പി കരയുകയും
ഇടയ്ക്കിടെ വിറച്ചു നില്‍ക്കുകയും
വിറപ്പിക്കുമ്പോള്‍ ഞെട്ടുകയും ചെയ്യുന്ന
കുഞ്ഞനൊരു മനസ്സാണ്
കയ്യില്‍ കിട്ടിയത്.
അതുമെടുത്ത് നടന്നു.
വഴിയില്‍ക്കണ്ടവര്‍ പലതും പറഞ്ഞു.
ചിരിച്ചു കൊണ്ട് കരയിച്ചു.
പേടി തന്നു വിറപ്പിച്ചു .
പ്രണയം തന്നു പിടപ്പിച്ചു
അപ്പുറത്ത് നിന്നും കുത്തിയപ്പോള്‍
ഇപ്പുറത്തെക്ക് ഒഴിഞ്ഞു മാറി.
ഇപ്പുറത്ത് നിന്നും തട്ടിയപ്പോള്‍
അപ്പുറത്തെക്ക് ഉരുണ്ടു വീണു .
ഉരുള്‍ച്ചകളില്‍ ഉറച്ചുറച്ച്
അവസാനമൊരു പന്തുമായി .
പ്രതലങ്ങളില്‍ അടിഞ്ഞ ചെളിയുറഞ്ഞു
കട്ടിയുള്ളൊരു തോടും കിട്ടി.
പക്ഷെ എന്നിട്ടും,
കത്തി വെച്ചു കുത്തുമ്പോഴെല്ലാം
പഴം പോലെയാണ് മുറിയുന്നത്‌.
മുറിവുകളുടെ വിടവിലൂടെ പുകയ്ക്കു പകരം
രക്തമാണ് കിനിയുന്നത്.
 

No comments:

Post a Comment