Monday, February 14, 2011

പ്രലോഭനം

പ്രണയവും ചോദിച്ചു കൊണ്ട്
പടിപ്പുര വാതിലുകളില്‍ വന്നു മുട്ടുന്ന
ഈറന്‍ കാറ്റുകളെ വിശ്വസിക്കരുത്.
ദുഖങ്ങളില്‍ നിന്നും ദുഖങ്ങളിലേക്ക്
സന്തോഷങ്ങളുടെ നൂല്‍പ്പാലം കെട്ടുന്ന
കണ്കെട്ടു വിദ്യക്കാര്‍ ആണവര്‍.
മതിലരികുകളിലെ പനിനീര്‍ പൂക്കളെ
അവര്‍ തല്ലിക്കൊഴിയ്ക്കും.
മുല്ലകളുടെ വെളുത്ത കനവുകള്‍
കനിവില്ലാതെ കവരും .
തുളസികളുടെ തെളിഞ്ഞ പച്ചപ്പില്‍
പഴയ പോടീ വാരി നിറയ്ക്കും.
മേലെക്കൊമ്പുകളില്‍ കുണുങ്ങി ആടുന്ന
പകുതി പഴുത്ത മൂവാണ്ടന്‍ മാങ്ങകള്‍
കാല് കൊണ്ട് തട്ടി താഴെ വീഴിയ്ക്കും.
പോകുമ്പോള്‍,
പൂമുഖത്തിന്റെ ഹൃദയത്തെയും
മുറ്റത്തിന്റെ സ്വപ്നമായ
ഇളവെയില്‍ കീറുകളെയും
തൂത്തു വാരി കൊണ്ടുപോകും.
പിന്നീടു ,
ആളൊഴിഞ്ഞ അനക്കമില്ലാത്ത വരാന്തയിലെ
പഴയ ചാര് കസേര മാത്രം
നനച്ചു വെളുപ്പിക്കാത്ത മുണ്ടുടുത്ത്
വെറുതെ ഓരോന്നോര്‍ത്തും
പിന്നെ മറ്റു പലതും മറന്നും
വാര്‍ധക്യം പോലെ നില നില്‍ക്കും.

 

No comments:

Post a Comment