Monday, February 14, 2011

ആഗ്രഹം .

യാത്ര പോകണമെന്ന് എനിക്ക് ഇടക്കൊരാഗ്രഹം .
അതിനായി
വണ്ടികളൊന്നും വന്നുപോകാത്തൊരു വഴി വക്കില്‍
ജട കെട്ടിയ മുടിയുള്ള വേരിറങ്ങിയ താടിയുള്ള
വൃദ്ധനും ഉറച്ചുപോയവനുമായ
പഴഞ്ചന്‍ ആല്‍മരത്തോടൊപ്പം
വളരെ നാളായി ഞാന്‍ കാത്തു  നില്‍ക്കുന്നു.
മരത്തിന്റെ കനിവില്‍ കാലു തളരുമ്പോള്‍
ചാരാന്‍ തടിയും ഇരിക്കാന്‍ ചുവടുമുണ്ട് .
പകല്‍ തത്തകള്‍ക്കും രാത്രി വാവലുകള്‍ക്കും
വീടുകൂട്ടുന്ന സ്നേഹവുമുണ്ട് .
കാറ്റുകള്‍ യാത്ര പോയി മടങ്ങും വഴി
ഇതിലെ കടന്നു പോകും.
ഇലകള്‍ക്ക് യാത്ര വിശേഷങ്ങള്‍
ചെവി നിറച്ച് ഒതിക്കൊടുക്കും
മലമടക്കുകളിലും കടല്ക്കരകളിലും കണ്ട കാഴ്ചകള്‍.
മരുഭൂമികളിലും കരിങ്കാടുകളിലും കേട്ട പാട്ടുകള്‍.
കഥകളിലെ പല കഥയില്ലായ്മകള്‍ .
കാഴ്ചകളിലെ ജരാ നരകള്‍.
ഞാനും കേള്‍ക്കും.
കേട്ട് കേട്ട് ചെവികള്‍ കുഴിയുമ്പോള്‍
എന്റെ കണ്ണുകള്‍
കടന്നു വന്നു നടന്നു മറയുന്ന
വഴിയുടെ തുടക്കത്തിലേക്ക് നീളും.
വണ്ടിയിനി ,എന്ന് ,എപ്പോഴാവും വരിക?

 

No comments:

Post a Comment