Monday, February 14, 2011

തടവുകാരന്‍.



വെറുതെ എന്തെല്ലാമോ കാണുന്നു.
പക്ഷെ കാഴ്ചകള്‍ക്ക് അപ്പുറത്തും ഇപ്പുറത്തും
ആണ് ലോകങ്ങള്‍..
കാലിലെയും കഴുത്തിലെയും
ചങ്ങലകള്‍ വലിയുന്നു.
അവയ്ക്ക് ഈയിടെയായിട്ട്
ഭാരം കൂടിയിട്ടുണ്ടോ?
ചങ്ങലകള്‍ക്കും തഴമ്പുകള്‍ .
അവയും മോചനം പ്രതീക്ഷിക്കുന്നുണ്ടാവാം .
അവയുടെ കിലുക്കങ്ങളിലും
ഇടര്‍ച്ചകള്‍ ഞാന്‍ കേള്‍ക്കാന്‍ തുടങ്ങി.
ഈ കമ്പിയഴികള്‍ക്ക് അപ്പുറത്ത്
എന്നും സൂര്യന്‍ ഉടിക്കുന്നുന്ദ്.
എനിക്കത് കാണാം
സൂര്യനും ചന്ദ്രനും സമയം തെറ്റിക്കുന്നവരല്ല.
എന്റെ സമയത്തിന്റെ ഒറ്റപ്പെടലിനാണ്
നീളം കൂടുതല്‍.
കാത്തിരിപ്പുകള്‍ക്ക് ആണ് അറ്റങ്ങള്‍ ഇല്ലാത്തത്
പകലുകളും രാത്രികളും
പതിവുപോലെ അവസാനിയ്ക്കാറുണ്ട്.
ഉറക്കങ്ങളും ഉണര്‍ച്ചകളും തമ്മില്‍  വേര്‍തിരിവ് 
അറിയാന്‍ പറ്റാത്ത അവസ്ഥകള്‍.
മൂടല്‍ മഞ്ഞിന്റെ മുഖ ഭാവം പേറുന്ന
വഴി തെറ്റി അലയുന്ന ചിന്തകള്‍.
നാലു ചുവരുകള്‍ക്കുള്ളില്‍ അമര്‍ന്നു പോയ
ഭൂത വര്‍ത്തമാന ഭാവികാലങ്ങള്‍.
തമ്മില്‍ പിണഞ്ഞു കട്ട കെട്ടിയ
 പൊടി പുരണ്ട നൂല്ക്കെട്ടുകള്‍ പോലെ
ഓര്‍മ്മകള്‍, മറവികള്‍.
സമയം ചില നേരങ്ങളില്‍
മഞ്ഞുകട്ട പോലെ ഉറഞ്ഞും
ചിലപ്പോള്‍ ചിലന്തിവല പോലെ
മൂലകളില്‍ പറ്റിപ്പിടിച്ചും
അനക്കമില്ലത്തതാവുന്നു .
തടവറയുടെ തലക്കനം മാത്രം ബാക്കി.

No comments:

Post a Comment