Monday, February 14, 2011

കാഴ്ചപ്പാട് .1. കാഴ്ചപ്പാട് .

പാതകള്‍ പലതരമുണ്ട്.
നടന്നു നടന്നു തേഞ്ഞു പോയവ.
പുതുതായി ടാറിട്ടു മിനുക്കിയവ.
പല മഴകള്‍ പെയ്തു
കുഴികള്‍ പിറന്നവ.
ചരലും മണ്ണും ഇട്ടു ഒളിപ്പിച്ച  കുഴികളില്‍
കുറെ ഭാഗം ഉറച്ചും
ചിലയിടം ചെളി കെട്ടിയും
അനാഥത്വം പേറുന്നവ.
വഴികള്‍ പല ദിശകളിലെക്കുമുണ്ട്.
തെക്കോട്ട്‌ വടക്കോട്ട്‌
പടിഞ്ഞാട്ടു കിഴക്കോട്ടു ,
പിന്നെ അവക്കിടയിലെ വിടവുകളിലേക്ക് .
വഴികളുടെ അഭാവം പ്രശ്നമല്ല.
നടക്കേണ്ട വഴിയേത് എന്നതൊരു ചോദ്യമാണ്.
സംശയം വഴികളുടെ വിശ്വാസ്യതയില്‍ അല്ല
നടക്കുന്നവന്റെ മനസ്സിലും കാലുകളിലും ആണ്.
ചിലര്‍ക്ക് ചിലവഴി പ്രിയങ്കരം.
മറ്റുള്ളവര്‍ക്ക് മറു വഴികളും.
ചെരുപ്പ് ത്തെയും വരെ ഓടിയും നടന്നും
നോക്കിയിട്ടില്ലത്തവര്‍ക്ക്
ഇതു വഴി ഉത്തമം
ഇതുവഴി അധമം
എന്നൊക്കെ കൂകി വിളിച്ചു നടക്കാന്‍
ഏതുവഴി ,ആരു കൊണ്ടുവരുന്നു
ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത
അധികാരങ്ങള്‍?

രാത്രികള്‍

ഏകാന്ത പഥികരുടെ എല്ലാ രാത്രികള്‍ക്കും
നിറം ഒന്നാണ്.
അവയെല്ലാം കറുത്തതാണ്‌.
വെളിച്ചത്തിന്റെ വെള്ളി നൂല്‍ക്കംബികളില്‍
നെയ്തെടുക്കുന്ന സ്വപ്നങ്ങള്‍
അവയുടെ വാക്കുകളെ അലങ്കരിക്കുകയില്ല.
സ്വപ്നങ്ങളും പ്രതീക്ഷകളും
അവയില്‍  പ്രേതങ്ങളെ പ്പോലെ  അലഞ്ഞു നടക്കും.
കണ്ണ് കനത്ത ശൂന്യതയും
കാതു പൊട്ടുന്ന മൂകതയും മാത്രമാണ്
അത്തരം രാവുകള്‍ക്ക്‌ സ്വന്തമായുള്ളത്.
തപ്പിത്തടഞ്ഞു നടന്നു തട്ടി വീഴുന്ന
കുറെ നിമിഷങ്ങളും,
വക്കുകള്‍ പൊട്ടിപ്പോയ കുറെ മോഹങ്ങളും,
വരിക്കൂട്ടിവെച്ചു,
വരുവനാരുമില്ലാത്ത വഴികളുടെ വക്കുകളിലും,
വെളിച്ചം നൂണ്ടു കടക്കാത്ത മുറികളുടെ കോണുകളിലും
വേദനകളുടെ അറ്റം കാണാത്ത  വരാന്തകളിലും,
ആ രാത്രികളും പതുങ്ങി നില്‍ക്കും.
ചോദിക്കാനും പറയാനും ഒന്നുമില്ലാത്ത
മനസ്സുകള്‍ക്ക് കാവല്‍ക്കാരായി,
നോവുമാരവിച്ച ഹൃദയങ്ങളിലെ
നോക്കുകുത്തികള്‍ ആയി
ഓര്‍മ്മകളുടെ വെച്ച് മറന്ന
ബാക്കി പത്രങ്ങളായി
ആ രാത്രികളും നിലനില്‍ക്കും

പ്രതീക്ഷ

നമുക്കിടയിലെ ശൂന്യത ഞാന്‍
മൌനം കൊണ്ട് നിറയ്ക്കുകയാണ്.
ഒരു ലോകത്തില്‍ നിന്നും മറ്റൊന്നിലേയ്ക്ക്
യുഗങ്ങളുടെ നീളമാണ് എന്ന സത്യം അറിയവേ
നമുക്കിടയിലെ വിടവുകള്‍ ഞാന്‍
നിസ്സന്ഗത കൊണ്ട് നിറയ്ക്കുകയാണ്.
തോന്നലുകള്‍ ഏതും
കടന്നു വരാവുന്ന വഴിയില്‍ നിന്ന് മാറി
അടുപ്പങ്ങളുടെ മിഴി മുന്നില്‍ ചെന്ന് പെടാതെ
ഇരുട്ടുകളുടെ കാട്ടു പൊന്തകളില്‍
കള്ളി മുള്‍ചെടിയായി ഞാന്‍
പതുങ്ങിയിരിക്കുകയാണ്
ആകാശത്തിന്റെ നിറം
പുലരിയില്‍ നിന്ന് പകലിലൂടെ കയറി
സന്ധ്യ യിലൂടെ ഊര്‍ന്നിറങ്ങി
രാത്രിയിലെത്തി നിരങ്ങി നീങ്ങി
വീണ്ടും മറ്റൊരു ഉഷസ്സിലെത്തി നില്‍ക്കുന്ന
വൃത്തത്തെ നോക്കി ഞാന്‍ പകച്ചിരിക്കുകയാണ്‌.
നീളമറിയാതെ തനിച്ചിരിക്കുകയാണ്‌
നീയെന്റെ ദൈന്യത മനസ്സിലാക്കുമോ?
നിന്റെ ഹൃദയത്തില്‍ ഏതെങ്കിലും
തുറക്കാന്‍ ഇടയില്ലാത്ത  കോണില്‍
ചിലന്തി വലപോലെ പറ്റിപ്പിടിച്ചു തൂങ്ങാന്‍
വെറുതെയെങ്കിലും നീ അനുവദിക്കുമോ?
സ്നേഹവും വിശ്വാസവും
ഇണ പ്രാവുകളെപ്പോലെ
ജീവിച്ചിരുന്ന കൂട്‌
ഉണങ്ങിയ പുല്ക്കെട്ടു പോലെ ഇന്ന്
മരക്കൊമ്പില്‍ തൂങ്ങിയാടുന്നു.
കിളികളും ഋതുക്കളും
മാറി മാറി വന്നു പോയ നടവഴികളില്‍
കാട്ടു പൂച്ചയെപ്പോലെ പതുങ്ങുന്ന സന്ധ്യയുടെ
വിളര്‍ത്ത നിഴല്‍ പടര്‍ന്നു കയറുമ്പോള്‍
മൌനങ്ങളില്‍ നിന്നും മൌനങ്ങളിലെയ്ക്കും
മോഹങ്ങളില്‍ നിന്നും വ്യമോഹങ്ങളിലെയ്ക്കുമുള്ള
ദൂരം അളന്നു
ഇരുട്ടിന്റെ കട്ടകളില്‍ വെളുപ്പിന്റെ നുറുങ്ങായി
ഒറ്റയ്ക്ക് വിരിഞ്ഞ ഒരു രാത്രി മുല്ലയെപ്പോലെ
നിന്റെ പിന്‍ വിളികള്‍ക്കായി
ഇനിയും കാതോര്‍ക്കുവാന്‍
ഈ സന്ധ്യ കടന്നകലും  മുന്‍പ്
നീയെനിക്കൊരിക്കല്‍ കൂടി
സമ്മതം തരുമോ ?
ഞാന്‍ വെറുതെ കാത്തിരിക്കുന്നുണ്ട്..


എന്‍റെ യാത്ര

.
നേരെ നീണ്ടു നീണ്ടു പോകാത്ത
വഴികളിലാണ്‌ ഞാനെന്നും നടക്കുക.
കുന്നുകളും കയങ്ങളും ഇറക്കങ്ങളും ചതുപ്പുകളും
ഇരുവശങ്ങളിലും വേണ്ടുവോളം.
എനിക്ക് ഭയമില്ല .
തോന്നുമ്പോള്‍ കാഴ്ചകള്‍ കാണും.
തോന്നാത്തപ്പോള്‍  കണ്ണടച്ചുറങ്ങും.
കാറ്റിനെയും കൈവരികളെയും
വിശ്വസിക്കാത്തപ്പോള്‍
കനിവുള്ള മനസ്സുകളിലെ നിലക്കാത്ത മഴകള്‍ ആണ്
മാര്‍ഗ ദര്ശികള്‍.
നാഴികക്കല്ലുകള്‍ എണ്ണറില്ല .
മുന്നിലും പിന്നിലും നടക്കുന്നവര്‍ക്ക്
വഴിതടസ്സം ഉണ്ടാക്കാറില്ല.
വീണ്‌പോയവന്റെ കൈ പിടിക്കാന്‍ മടിക്കത്ത്തപ്പോള്‍
മനുഷ്യന്റെ മണമാണ് നിശ്വാസങ്ങള്‍ക്ക്.
സ്നേഹത്തിന്റെ ചൂടാണ് രക്തപ്രവഹത്ത്തിനു.
വിശ്വസിച്ചവന്‍ വരുമ്പോള്‍ വീഴിക്കാന്‍
വഴിവക്കിലോളിച്ചിരുന്നു കുഴി കുത്തുന്ന
ജീവിതരീതികളും
മുന്നില്‍ പുഞ്ചിരിച്ചു കാട്ടി
പുറകില്‍ കത്തി ഏറിയുന്ന സംസ്കാരവും
ഈ യാത്രയുടെ ഭാഗമല്ല.
തളര്‍ന്നപ്പോള്‍ നീയോഴിച്ചു തന്ന ദാഹ ജലം.
നിന്റെ സന്മനസ്സിന്റെ അമൃതധാര.
വിശന്നപ്പോള്‍ നീ പകുത്തു തന്ന ഭക്ഷണം
നിന്റെ ഹൃദയ മഴവില്ലിന്റെ ഏഴഴക്.
എല്ലാം എന്നും ഓര്‍മ്മിക്കാന്‍ ഉപഹാരം.
നന്ദി എന്ന വക്കും തോന്നലും
ഔപചാരികതയുടെ നീര്‍ക്കുമിള അല്ലാതെ
കടമയുടെ സത്തയായി കാത്തുവെക്കുന്ന
മനസ്സ് മാത്രമാണീ യാത്രയിലെ മുതല്‍ക്കൂട്ട്.
 Reply ForwardK.G.Suraj is not available to chat

നാട്ടുനടപ്പ്.

.
ഒരു വഴിയില്‍ നിന്ന്
മറ്റൊരു വഴിയിലേക്ക്
തിരിയുന്ന കവലകളില്‍ വെച്ചാണ്‌
ലക്ഷ്യങ്ങള്‍ നഷ്ടങ്ങളായി മാറുന്നത്.
ഒരു ചോദ്യം മറ്റൊന്നിനോട്
ചോദ്യം ചോദിക്കുന്നിടതതാണ്
ജീവിതം മറ്റൊരു ചോദ്യം ആയി മാറുന്നത്.
പറയാനൊന്നുമില്ലാതെ പരുങ്ങുമ്പോള്‍ ശബ്ദവും
കേള്‍ക്കാന്‍ ആരുമില്ലാതെ ഉഴറുമ്പോള്‍ സംഗീതവും
മരിച്ചുവീഴും.
പ്രതീക്ഷകളുടെ വിടവുകളില്‍
നിരാശകള്‍ ജനിക്കുന്നു.
പ്രത്യാശയുടെ കണ്ണുകളില്‍
അപേക്ഷകളും.
നോക്കിനടക്കുമ്പോള്‍ നഷ്ടപ്പെടുന്നത്
നോക്കാത്തിടത്ത് മുളച്ചു പൊങ്ങുന്നു.
ജീര്‍ണ്ണതകളിലെ  കൂണുകള്‍ പോലെ
വേദനകളിലെന്നും വ്യമോഹങ്ങളുണ്ട്.
ഇതാണ് രീതിയെന്ന് വിശ്വസിക്കുമ്പോള്‍
അറിവില്ലായ്മകള്‍ സന്തോഷങ്ങളാകും.
എതിര്‍ക്കുന്നവനും തടുക്കുന്നവനും
അറിവുകള്‍ എന്നും വേദനകളുമാകും.

തിരച്ചിലുകള്‍.

പാഥേയം കയ്യിലില്ലാത്ത പഥികന്റെ വയറുപോലെ
ഞാനും നിന്നെ തിരഞ്ഞു നടക്കാറുണ്ട്.
ചില നേരങ്ങളില്‍,ചില വഴിയോരങ്ങളില്‍,
പൊന്തകള്‍ക്കു ഉള്ളിലോ ,
ചില മരുഭൂമികളില്‍ കള്ളിമുള്‍പ്പടര്‍പ്പിലോ
ചില മറകള്‍ക്കപ്പുറത്ത് ഞൊടിയിടക്കാഴ്ചയോ,
ഒളിക്കപ്പെട്ട രഹസ്യമായോ
നീയുണ്ടായിരുന്നിരിക്കണം.
പക്ഷെ ഞാന്‍ കണ്ടിട്ടില്ല..
മഴ പെയ്തു നിന്നപ്പോഴും
വെയില്‍ കത്തി വിറഞ്ജപ്പോഴും,
നീയെന്‍റെ മനസ്സിലുണ്ടായിരുന്നു.
മഞ്ഞു കാലങ്ങളില്‍ രോമകൂപങ്ങളിലും,
ശിശിര കാലങ്ങളില്‍ ഹൃദയത്തിലെ ശൂന്യതയിലും
ഞാന്‍ നിന്നെ സ്പര്‍ശിച്ചിട്ടുണ്ട്.
നീയന്നും ഒരു കിനാവ് പോലെ മാറി നിന്നു.
പകലുകളും രാത്രികളും
ചോരപുരണ്ട സന്ധ്യകളും
എന്നിലിന്നും മരിച്ചു വീഴാറുണ്ട്‌.
പക്ഷെ പകല്‍ക്കിനാവുകളില്‍ നിന്നും
നീ ഇനിയും തേഞ്ഞുമായുന്നില്ല.
വ്യമോഹങ്ങളുടെയും വേദനകളുടെയും,
പിടച്ചിലുകളുടെയും എരിച്ചിലുകളുടെയും
അന്ത സത്തയായി,
ആര്‍ജ്ജവങ്ങളുടെയുംപ്രതീക്ഷകളുടെയും,
നില ചലനങ്ങളുടെയും നിലനില്‍പ്പിന്റെയും
കാരണമായി നിന്റെ നിഴല്‍
 ഇന്നും കുടി കൊള്ളുന്നുണ്ട്.
ഞാന്‍ നിന്നെ തിരയുന്നുമുണ്ട്.
 

നഷ്ടം.

ശിശിരങ്ങള്‍ ക്ക് നഷ്ടപ്പെട്ടത്,
മഞ്ഞ നിറം പടര്‍ന്നു കയറിയ
വാടിയ ഇലകളായിരുന്നില്ല
കോറി മുറിഞ്ഞു ചുവന്ന കണ്ണീര്‍ തുളുമ്പുന്ന
ഒരു ഹൃദയമായിരുന്നു.
അതുകൊണ്ടാണ് അന്ന് ഞാന്‍ കരഞ്ഞത്.
എനിക്ക് പുഞ്ചിരിക്കാന്‍ കഴിയാതിരുന്നത്.
ഇത്തിരി നേരത്തെ നഷ്ടപ്പെടലുകള്‍ക്ക്‌
വര്‍ഷങ്ങളോളം നീളുന്ന നടവഴികളുടെ പഴക്കവും,
ഉറഞ്ഞു നില്‍ക്കുന്ന വായുവിന്‍റെ
മുഷിഞ്ഞ ഗന്ധവുമുണ്ട്.
കൊഴിഞ്ഞു വീഴുന്ന ഇലകള്‍
ആ വഴിയെ മൂടുമ്പോള്‍,
ശിശിരങ്ങള്‍ക്ക് അവസാനമാകും.
നഷ്ടങ്ങളും നേട്ടങ്ങളും ഓര്‍മ്മകള്‍ ആകും.
പിന്നെ മഞ്ഞു കാലങ്ങളുടെ സമയമാണ്.
മറവികളുടെയും.