Monday, February 14, 2011

പ്രതീക്ഷ

നമുക്കിടയിലെ ശൂന്യത ഞാന്‍
മൌനം കൊണ്ട് നിറയ്ക്കുകയാണ്.
ഒരു ലോകത്തില്‍ നിന്നും മറ്റൊന്നിലേയ്ക്ക്
യുഗങ്ങളുടെ നീളമാണ് എന്ന സത്യം അറിയവേ
നമുക്കിടയിലെ വിടവുകള്‍ ഞാന്‍
നിസ്സന്ഗത കൊണ്ട് നിറയ്ക്കുകയാണ്.
തോന്നലുകള്‍ ഏതും
കടന്നു വരാവുന്ന വഴിയില്‍ നിന്ന് മാറി
അടുപ്പങ്ങളുടെ മിഴി മുന്നില്‍ ചെന്ന് പെടാതെ
ഇരുട്ടുകളുടെ കാട്ടു പൊന്തകളില്‍
കള്ളി മുള്‍ചെടിയായി ഞാന്‍
പതുങ്ങിയിരിക്കുകയാണ്
ആകാശത്തിന്റെ നിറം
പുലരിയില്‍ നിന്ന് പകലിലൂടെ കയറി
സന്ധ്യ യിലൂടെ ഊര്‍ന്നിറങ്ങി
രാത്രിയിലെത്തി നിരങ്ങി നീങ്ങി
വീണ്ടും മറ്റൊരു ഉഷസ്സിലെത്തി നില്‍ക്കുന്ന
വൃത്തത്തെ നോക്കി ഞാന്‍ പകച്ചിരിക്കുകയാണ്‌.
നീളമറിയാതെ തനിച്ചിരിക്കുകയാണ്‌
നീയെന്റെ ദൈന്യത മനസ്സിലാക്കുമോ?
നിന്റെ ഹൃദയത്തില്‍ ഏതെങ്കിലും
തുറക്കാന്‍ ഇടയില്ലാത്ത  കോണില്‍
ചിലന്തി വലപോലെ പറ്റിപ്പിടിച്ചു തൂങ്ങാന്‍
വെറുതെയെങ്കിലും നീ അനുവദിക്കുമോ?
സ്നേഹവും വിശ്വാസവും
ഇണ പ്രാവുകളെപ്പോലെ
ജീവിച്ചിരുന്ന കൂട്‌
ഉണങ്ങിയ പുല്ക്കെട്ടു പോലെ ഇന്ന്
മരക്കൊമ്പില്‍ തൂങ്ങിയാടുന്നു.
കിളികളും ഋതുക്കളും
മാറി മാറി വന്നു പോയ നടവഴികളില്‍
കാട്ടു പൂച്ചയെപ്പോലെ പതുങ്ങുന്ന സന്ധ്യയുടെ
വിളര്‍ത്ത നിഴല്‍ പടര്‍ന്നു കയറുമ്പോള്‍
മൌനങ്ങളില്‍ നിന്നും മൌനങ്ങളിലെയ്ക്കും
മോഹങ്ങളില്‍ നിന്നും വ്യമോഹങ്ങളിലെയ്ക്കുമുള്ള
ദൂരം അളന്നു
ഇരുട്ടിന്റെ കട്ടകളില്‍ വെളുപ്പിന്റെ നുറുങ്ങായി
ഒറ്റയ്ക്ക് വിരിഞ്ഞ ഒരു രാത്രി മുല്ലയെപ്പോലെ
നിന്റെ പിന്‍ വിളികള്‍ക്കായി
ഇനിയും കാതോര്‍ക്കുവാന്‍
ഈ സന്ധ്യ കടന്നകലും  മുന്‍പ്
നീയെനിക്കൊരിക്കല്‍ കൂടി
സമ്മതം തരുമോ ?
ഞാന്‍ വെറുതെ കാത്തിരിക്കുന്നുണ്ട്..


No comments:

Post a Comment