Monday, February 14, 2011

ദരിദ്രര്‍ .

ദരിദ്രര്‍ കൂട്ടം കൂടിയിരുന്നു
തീ കായുകയായിരുന്നു.
മകര മഞ്ഞിന്റെ തണുപ്പ്‌ ഏറ്റു
രാത്രി വിറച്ചു.
ഉണക്കചില്ലകള്‍ സീല്‍ക്കാരത്തോടെ
തീക്കൈകളില്‍ എരിഞ്ഞു.
തീപ്പൊരികള്‍ മിന്നാമിന്നികളായി
പറന്നു വീണു പിടഞ്ഞു.
ദാരിദ്ര്യങ്ങള്‍ ദര്ദ്രര്‍ക്ക് പുറകില്‍
വരിവരിയായി നിന്നു.
വയറിന്റെ ദാരിദ്ര്യം ,വസ്ത്ര ദാരിദ്ര്യം,
ഹൃദയ ദാരിദ്ര്യം,സ്നേഹദാരിദ്ര്യം,
മനസ്സിന്റെ ദാരിദ്ര്യം,മോഹ ദാരിദ്ര്യം ,
ചിന്തയിലെ ദാരിദ്ര്യം, നേട്ടങ്ങളില്‍ ദാരിദ്ര്യം.
ദാരിദ്ര്യങ്ങള്‍ക്കങ്ങനെ നിറം പലത്.
ദേശ ഭാഷ വേഷങ്ങള്‍ക്കും അപ്പുറം
ജാതി മത ഭക്തികള്‍ക്കൊപ്പം
കൈകോര്‍ത്തു പിടിച്ചവ വരിവരിക്ക് നിന്നു.
വയറിന്റെ ദാരിദ്ര്യം ഹൃദയ ദാരിദ്ര്യത്തെ നോക്കി
നെടുവീര്‍പ്പിട്ടു.
മനസ്സിന്റെ ദാരിദ്ര്യം നേട്ടങ്ങളെ കണ്ടസൂയപ്പെട്ടു.
വസ്ത്ര ദാരിദ്ര്യം സ്നേഹ ദാരിദ്ര്യത്തെ പുച്ചിച്ചു.

കുറവേതു തരമെങ്കിലും കുറവാണെങ്കില്‍ അത്
ദരിദ്രാവസ്ഥയില്‍ തന്നെ പെടുമെന്ന്
ആളിക്കത്തുന്ന തീയും പുകമറകള്‍ ഇല്ലാതെ
അഭിപ്രായപ്പെട്ടു.
ദാരിദ്ര്യം മറക്കാന്‍
പട്ടു പാടുകയും ന്രിത്തമാടുകയും
മാത്രമാണ് വഴിയെന്നു
രാത്രിയും
ആകാശത്തിന്റെ മറ നീക്കി ഒളിഞ്ഞു നോക്കിയ
ഒറ്റ നക്ഷത്രവും ഒന്നിച്ചു മൊഴിഞ്ഞു.
ദാരിദ്രരെങ്കിലും ദരിദ്രവാസികള്‍ അല്ലാതിരുന്നവര്‍
പരസ്പരം കൈകോര്‍ത്തു തീക്കുന്ടത്തിനു വലം വെച്ച്
താളമിട്ടു തന്നെ പിന്നെ
ചുവടുകള്‍ വെച്ചു.

No comments:

Post a Comment